റിയാദ്: മങ്കട മണ്ഡലം കെഎംസിസി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി എയിം’ ക്യാമ്പയിന്റെ ഭാഗമായി ‘കേരളം പ്രച്ഛന്ന സംഘി സര്‍ക്കാരോ?’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സംഗമം നടത്തി. ആഭ്യന്തര വകുപ്പ് പൂര്‍ണമായും സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് വിധേയപ്പെട്ടുനില്‍ക്കുന്ന സമയത്തും സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി കേരളത്തെ ഒറ്റിക്കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് ചര്‍ച്ചാ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഭരണകക്ഷിയിലെ എംഎല്‍എയ്ക്ക് പോലും സര്‍ക്കാരിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കേണ്ട സാഹചര്യം അതീവഗൗരവതരമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ അകാരണമായി രജിസ്റ്റര്‍ ചെയ്ത് മലപ്പുറം ജില്ല പോലുളള പ്രദേശങ്ങളെ ക്രിമിനല്‍ സ്‌പോട്ടുകളാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ പലതവണ പരാതിപ്പെട്ടിട്ടും സര്‍ക്കാര്‍ അതിനോട് പുറംതിരിഞ്ഞു നിന്നു. എന്നാല്‍ ഇന്ന് ഭരണകക്ഷിയിലെ എംഎല്‍യ്ക്ക് പോലും ജീവന്‍ സംരക്ഷിക്കാന്‍ തോക്കിന് ലൈസന്‍സ് അനുവദിക്കാന്‍ അപേക്ഷ നല്‍കേണ്ട സ്ഥിതിയിലേക്ക് കേരളത്തില്‍ ആഭ്യന്തര വകുപ്പ് മാഫിയാവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
ആരോപണവിധേയനായ എഡിജിപി എംആര്‍ അജിത്കുമാറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന വ്യഗ്രത സംശയം ജനിപ്പിക്കുന്നു. ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥനെതിരെ പോലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിയാത്തവിധം പിണറായി വിജയന്റെ മടിയില്‍ കനമുണ്ട്. നൗഫല്‍ പാലക്കാടന്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, നബീല്‍ പയ്യോളി തുടങ്ങിയവര്‍ ചര്‍ച്ചാ സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.