റിയാദ്: കേരളത്തില്‍ നിന്ന് ഹജ് നിര്‍വഹിക്കാനെത്തിയ ആദ്യ സംഘത്തിന് ജിദ്ദയില്‍ ഊഷ്മള സ്വീകരണം. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് 80 വനിതകള്‍ ഉള്‍പ്പെടെ 166 തീര്‍ഥാടകരുമായി കോഴിക്കോട് നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്. തീര്‍ഥാടകരെ ജിദ്ദ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, ഹജ് വളന്റിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പുലര്‍ച്ചെ മൂന്നിനെത്തിയ തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ വളരെ വേഗം പൂര്‍ത്തിയാക്കി. ഇവരുടെ ലഗേജുകള്‍ താമസ സ്ഥലത്ത് എത്തിക്കും. അതുകൊണ്ടുതന്നെ കാലതാമസം ഇല്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിഞ്ഞു. ഇവരെ ഹജ് സര്‍വീസ് കമ്പനികളുടെ ബസുകളില്‍ മക്ക അസീസിയയിലെ താമസ കേന്ദ്രങ്ങളിലെത്തിച്ചു.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ വഴി 17,883 തീര്‍ഥാടകരാണ് ഹജ് നിര്‍വഹിക്കാനെത്തുക. ഈ മാസം 9ന് ആണ് ദല്‍ഹിയില്‍ നിന്ന് ആദ്യ ഹജ് സംഘം മദീനയിലെത്തിയത്. ഈ വര്‍ഷം 1,40,020 തീര്‍ഥാടകര്‍ കേന്ദ്ര ഹജ് കമ്മറ്റി വഴിയും 35,005 തീര്‍ഥാടകര്‍ സ്വകാര്യ ഹജ് ഗ്രൂപ് വഴിയും ഹജ് നിര്‍വഹിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 267,657 തീര്‍ഥാടകരാണ് സൗദിയിലെത്തിയതെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.