റിയാദ്: സ്മാഷ് ഷോട്ടിന്റെ മനോഹര കാഴ്ചകളും മിഡ് ഷോട്ട് കൗണ്ടര്‍ അറ്റാക്കിന്റെ ത്രസിപ്പിക്കുന്ന പോരാട്ടവും അമ്പരപ്പിച്ച കളിയരങ്ങില്‍ മലയാളി ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് സൗദി നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ തിളക്കം. വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ ഖദീജ നിസയുടെ മെഡലിന് പത്തര മാറ്റിന്റെ തെളിച്ചം.
കഴിഞ്ഞ രണ്ട് ദേശീയ ഗെയിംസിലും പുരുഷ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ശൈഖ് മെഹദ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളിയതോടെ മൂന്നാം തവണയും ബാഡ്മിന്റണ്‍ വിഭാഗത്തില്‍ ഹാട്രിക് സ്വര്‍ണം നേടിയ റെക്കോര്‍ഡ് ഖദീജ നിസയ്ക്ക് സ്വന്തം. രണ്ടേകാല്‍ കോടി രൂപയാണ് (10 ലക്ഷം റിയാല്‍) പാരിതോഷികം.
ഇത്തിഹാദ് ക്ലബിന് വേണ്ടി കളത്തിലിറങ്ങിയ ഖദീജ നിസയ്‌ക്കെതിര കടുത്ത വെല്ലുവിളിയാണ് ഫിലിപ്പീനോ താരം പെനഫ്‌ളോര്‍ അരീലെ ഉയര്‍ത്തിയത്. ആദ്യ സെറ്റില്‍ ഖദീജയെ 21-15ന് മുട്ടുകുത്തിച്ചു. എന്നാല്‍ രണ്ടും മൂന്നും സെറ്റുകളില്‍ ഖദീജ തിരിച്ചടിച്ചതോടെയാണ് (സ്‌കോര്‍ 13-21, 10-21) റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. നാല് ഗ്രൂപ്പ് മത്സരങ്ങളില്‍ ആറ് കളികളില്‍ കരുത്തു തെളിയിച്ചാണ് ഖദീജ സുവര്‍ണ തേരോട്ടം നടത്തിയത്. വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയത് മലയാളി താരം ചെങ്ങശേരി ഷില്‍നയാണ്.
പുരുഷ സിംഗിള്‍സില്‍ ഇഞ്ചോടിഞ്ച് തീപാറും പോരാട്ടത്തിനാണ് ഗെയിംസ് നഗരി സാക്ഷിയായത്. ബഹ്‌റൈന്‍ ദേശീയ താരം ഹസന്‍ അദ്‌നാന്‍ ആയിരുന്നു എതിരാളി. സൗദിയില്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തി അല്‍ നസര്‍ ക്ലബിനു വേണ്ടി കളത്തിലിറങ്ങിയ അദ്‌നാനെ മലയാളി താരം മുട്ടമ്മല്‍ ഷാമില്‍ ആദ്യ സെറ്റില്‍ പിടിച്ചുകെട്ടി. സ്‌കോര്‍ 21-14. രണ്ടാം സെറ്റില്‍ ഷാമിലിനെ 21-12ന് തകര്‍ത്തെങ്കിലും മൂന്നാം സെറ്റില്‍ 21-14ന് ആധികാരിക ജയം സ്വന്തമാക്കിയാണ് കഴിഞ്ഞ വര്‍ഷം വെങ്കല മെഡല്‍ ജേതാവായ ഷാമില്‍ സ്വര്‍ണം നേടിയത്.
സ്വര്‍ണം ഉറപ്പിച്ച് കളത്തിലിറങ്ങിയ ഹസന്‍ അദ്‌നാനെ മുട്ടുകുത്തിച്ച ഷാമിലിന്റെ വിജയം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനു വേണ്ടി മെഡല്‍ കൊയ്തത്. 10 ലക്ഷം റിയാലാണ് പാരിതോഷികം.
പുരുഷ, വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആറു സ്ഥാനങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകള്‍ ഇന്ത്യക്കാര്‍ക്കാണ്. അതില്‍ രണ്ട് സ്വര്‍ണം ഉള്‍പ്പെടെ മൂന്നെണ്ണം മലയാളികള്‍ നേടിയത് പ്രവാസി മലയാളികള്‍ക്കും അഭിമാന നേട്ടമായി. മറ്റു രണ്ടു വെളളി മെഡലുകള്‍ ബഹ്‌റൈന്‍, ഫിലിപ്പൈന്‍സ് താരങ്ങളാണ് നേടിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.