
റിയാദ്: സാമൂഹിക പ്രവര്‍ത്തകനും റിയാദിലെ ആദ്യകാല പ്രവാസിയുമായ അബ്ദുറഹ്മാന്‍ പെരുമണ്ണ (71)നിര്യാതനായി. ബത്ഹയില്‍ പ്രഥമ ജനറല്‍ സര്‍വ്വീസ് ആരംഭിക്കുകയും സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും പ്രവാസികള്‍ക്ക് അത്താണിയായിരുന്നു അബ്ദുറഹ്മാന്‍ മാസ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് പെരുമണ്ണ മഞ്ചപ്പാറക്കല്‍ അബ്ദുറഹ്മാന്‍. ഇന്നു രാവിലെ 5ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. അടുത്തിടെ കോഴിക്കോട് നടന്ന റിയാദ് ഡയസ്‌പോറ സംഗമത്തില്‍ സജീവ സാന്നിധ്യമായിരുന്നു.

റിയാദില്‍ കോണ്‍ഗ്രസ് പോഷക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ആര്‍ഐസിസി) രൂപം നല്‍കിയ വേളയില്‍ പ്രഥമ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം സംഘടനയെ നയിക്കുകയും ചെയ്തു. റിയാദ് ബ്രദേഴ്‌സ് ഇന്ത്യ ഫോറം ചെയര്‍മാനായിരുന്നു. റിയാദില്‍ എംഎസ്എസ് സ്ഥാപകരില്‍ പ്രമുഖനും വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് റിയാദിലെ പ്രവാസി മലയാളികള്‍ക്കു മാത്രമല്ല, ദുരിതം നേരിടുന്ന ഇന്ത്യക്കാര്‍ക്ക് സഹായം ചെയ്യുന്നതില്‍ മാതൃകയായിരുന്നു അബ്ദുറഹ്മാന്‍. പ്രത്യേകിച്ച് സ്‌പോണ്‍സര്‍മാരുമായുളള പ്രശ്‌നങ്ങളില്‍ അനുരജ്ഞന ശ്രമങ്ങളില്‍ നിരവധി ഇന്ത്യക്കാര്‍ക്കാണ് ജീവിതം തിരിച്ചു കിട്ടിയത്. കോഴിക്കോട് മാവൂര്‍ റോഡില്‍ പുവ്വാട്ട്പറമ്പിലെ മകളുടെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം പുവ്വാട്ട്പറമ്പ് ജുമാ മസ്ജിദില്‍ ഖബറടക്കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.