റിയാദ്: സൗദിയിലെ സകാക്കയില്‍ രഹസ്യമായി സൂക്ഷിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. കൃഷിയിടത്തില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ ഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച 18 ലക്ഷം ആംഫെറ്റാമൈന്‍ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ജനറല്‍ ഡയറ്കടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ സെന്റര്‍ നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ലഹരി വിതരണ ശൃംഖലയിലെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഇതില്‍ കേസില്‍ ഒരാള്‍ യെമന്‍ പൗരനും മറ്റുളളവര്‍ സ്വദേശികളുമാണ്.
കൃഷിയിടത്തിലെ സംഭരണ ശാലയുടെ തറയില്‍ വലിയ കിടങ്ങ് ഉണ്ടാക്കി ലഹരി ഗുളികകള്‍ ഒളിപ്പിക്കുകയായിരുന്നു. തറയുടെ മുകള്‍ഭാഗത്ത് ടൈല്‍സ് പാകി മറച്ചിരുന്നു. സൗദിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുളള ശ്രമം തടയുന്നതിന് വ്യാപക പരിശോധന രാജ്യവ്യാപകമായി നടക്കുന്നുണ്ട്. ഹാഷിഷ്, ആംഫെറ്റാമൈന്‍, മയക്കുമരുന്ന് ഗുളികകള്‍ എന്നിവ വില്‍ക്കാന്‍ ശ്രമിച്ചതിന് ഖസീം പ്രവിശ്യയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഓഫീസര്‍ കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തു. ആംഫെറ്റാമൈനും ഖാത്തും വില്‍ക്കാന്‍ ശ്രമിച്ചതിന് ജിസാന്‍ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
ജിസാന്‍ മേഖലയിലെ അല്‍ അര്‍ദ സെക്ടറില്‍ ബോര്‍ഡര്‍ ഗാര്‍ഡ് ലാന്‍ഡ് പട്രോളിങ് സംഘം 475 കിലോഗ്രാം ഖത്ത് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തി. അസീര്‍ മേഖലയില്‍ 39.6 കിലോ ഹാഷിഷ് വില്‍ക്കാന്‍ ശ്രമിച്ചതിനും തോക്കുകളും വെടിക്കോപ്പുകളും കൈവശം വച്ചതിനും രണ്ടുപേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത എല്ലാ ലഹരി വസ്തുക്കളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
