റിയാദ്: റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പറും പ്രമുഖ ഫുഡ് ഡെലിവറി കമ്പനി ഹംഗര്‍സ്‌റ്റേഷനും കൈകോര്‍ക്കുന്നു. സൗദിലെ ഉപഭോക്താക്കള്‍ക്ക് അതിവേഗം ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഇരു കമ്പനികളും ഒപ്പുവെച്ച കരാര്‍ പ്രകാരം സാധ്യമാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഹംഗര്‍സ്‌റ്റേഷന്‍ ക്വിക്ക് കൊമേഴ്‌സ് സീനിയര്‍ ഡയറക്ടര്‍ ഗഫ്രാന്‍ ദൈനി എന്നിവര്‍ സന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.
സൗദിയിലെ വിവിധ പ്രവിശ്യകളിലായ 32 സ്‌റ്റോറുകളുള്ള ലുലു ശാഖകളില്‍ നിന്ന് പലചരക്ക് സാധനങ്ങളും വീട്ടാവശ്യങ്ങളും ഹംഗര്‍സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഓര്‍ഡര്‍ ചെയ്യാനും അതിവേഗം വീട്ടിലെത്തിക്കാനും കഴിയും.
ലുലുവിടെ ഉപഭോക്തൃ സേവനങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനം. ഷോപ്പിംഗ് സുഗമമാക്കാനും ഉപഭോക്താക്കളുടെ സമയം നഷ്ടപ്പെടാതിരിക്കാനും പുതിയ സേവനത്തിന് കഴിയും. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലുലു ഹൈപ്പറിന്റെ വെര്‍ച്വല്‍ സ്‌റ്റോറില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ തെരഞ്ഞെടുക്കാനും ഓര്‍ഡര്‍ ചെയ്യാനും കഴിയും.
ഹംഗര്‍സ്‌റ്റേഷനുമായുള്ള പങ്കാളിത്തം സൗദിയിലെ റീട്ടെയില്‍ വിപണന രംഗത്ത് ലുലു ഹൈപ്പറിന്റെ മികച്ച മുന്നേറ്റത്തിന് ഇടയാക്കും. നിലവില്‍ ഓണ്‍ ലൈന്‍ ഡെലിവറി, എക്‌സ്പ്രസ് ഡെലിവറി, വാട്ട്‌സ്ആപ്പ് ഡെലിവറി എന്നിവ ലുലു ഹൈപ്പര്‍ നടത്തുന്നുണ്ടെന്നും ഷെഹിം മുഹമ്മദ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.