ആര്‍ഐസിസി മദ്രറസ അഞ്ചാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

റിയാദ്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മദ്രസ എജുക്കേഷന്‍ ബോര്‍ഡ് അഞ്ചാം ക്ലാസ് പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റിയാദ് ഇസ്ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) എഡ്യുക്കേഷന്‍ വിങ്ങ് മദ്രസകളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി.

നസീം മദ്‌റസത്തു അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദിലെ വിദ്യാര്‍ത്ഥിനി ആയിഷാ നൗഷാദ് 99.67% മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. പട്ടിമറ്റം സ്വദേശികളായ നൗഷാദ് എന്‍.എം സുമയ്യ ദമ്പതികളുടെ മകളാണ്. ആയിഷ മെയ്‌സ 96.5% മാര്‍ക്കോടെ രണ്ടാം റാങ്കും നേടി. മലസ് സലഫീ മദ്‌റസയിലെ വിദ്യാര്‍ത്ഥിനി ഫര്‍ഹീന്‍ ഫിനോജ് 94.83% മാര്‍ക്കോടെ മൂന്നാം റാങ്കിന് അര്‍ഹയായി. വേങ്ങര സ്വദേശികളായ മുഹമ്മദ് നസീം മറിയ ദമ്പതികളുടെ മകളാണ് രണ്ടാം റാങ്കുകാരി ആയിഷ മെയ്‌സ. തലശ്ശേരി സ്വദേശികളായ ഫിനോജ് അബ്ദുല്ലയുടേയും ശഹനാസിന്റേയും മകളാണ് മൂന്നാം റാങ്കുകാരി ഫര്‍ഹീന്‍ ഫിനോജ്.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എഡ്യൂക്കേഷന്‍ ബോര്‍ഡിനു കീഴിലെ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അദ്ധ്യാപകരും രൂപംകൊടുത്ത സമഗ്രമായ സിലബസ്, പരിശീലനം സിദ്ധിച്ച അനുഭവ സമ്പന്നരായ അധ്യാപകര്‍, കേന്ദ്രീകൃത പരീക്ഷാ സംവിധാനങ്ങള്‍, ലളിതമായ വര്‍ക് ഷീറ്റുകള്‍, മലയാള ഭാഷ പഠിക്കാനുള്ള അവസരം, സൂം ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവ ആര്‍.ഐ.സി.സി. മദ്രസയുടെ പ്രേത്യേകതകളാണ്.

റിയാദിലെ മൂന്ന് ഏരിയകളിലായി നസീം മദ്‌റസത്തു അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്, മലസ് സലഫി മദ്രസ, സുലൈ മദ്രസത്തു തൗഹീദ്, എന്നീ പ്രാഥമിക മതവിദ്യാഭ്യാസ മദ്രസകള്‍ വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ അഞ്ചു ദിവസവും ക്ലാസുകള്‍ നടക്കുന്ന ദാറുല്‍ ഫിത്‌റ ഇസ്ലാമിക് പ്രീസ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഹൈസ്‌ക്കൂള്‍, പ്ലസ് ടു പ്രായത്തിലുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിസ്ഡം സ്റ്റുഡന്റസ് കേരളത്തില്‍ വിജയകരമായി നടത്തുന്ന സി.ആര്‍.ഇ (കണ്ടിന്യൂയിംഗ് റിലീജിയസ് എഡ്യൂക്കേഷന്‍) കോഴ്‌സും റിയാദില്‍ നടന്നുവരുന്നു. 2023 സെപ്തംബര്‍ 1ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തെ മദ്രസയിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. ബന്ധപ്പെടേണ്ട നമ്പറുകള്‍ 0508157415, 0502261480, 0500373783.

എഡ്യൂക്കേഷന്‍ വിങ്ങ് ചെയര്‍മാന്‍ എഞ്ചി. അബ്ദുറഹീം, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് കടുങ്ങല്ലൂര്‍, കണ്‍വീനര്‍മാരായ നസീഹ് കോഴിക്കോട്, മുഹ്‌യുദ്ദീന്‍ അരൂര്‍, അജ്മല്‍ കള്ളിയന്‍, അബ്ദുല്ലാ അല്‍ ഹികമി, ഷുക്കൂര്‍ ചക്കരക്കല്‍, ആഷിഖ് അല്‍ ഹികമി എന്നിവര്‍ ഫലപ്രഖ്യാപന യോഗത്തില്‍ പങ്കെടുത്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ലഹരിയുടേയും മതനിരാസ-ലിബറല്‍ പ്രത്യയ ശാസ്ത്രങ്ങളുടെയും ചതിക്കുഴികള്‍ നിറഞ്ഞ സാമൂഹിക മാധ്യമങ്ങളുടെ കാലഘട്ടത്തില്‍ അടിസ്ഥാന ധാര്‍മിക ശിക്ഷണം ഉറപ്പാക്കുന്ന മദ്രസ സംവിധാനങ്ങള്‍ മറ്റെങ്ങുമെന്നപോലെ പ്രവാസലോകത്തും അനിവാര്യമാണ് എന്ന സന്ദേശമാണ് സമകാലിക വാര്‍ത്തകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് എന്ന് യോഗം വിലയിരുത്തി.

Leave a Reply