റിയാദ്: ഷിഫയിലെ ഫര്‍ണീചര്‍ നിര്‍മാണ കേന്ദ്രത്തിലെ ഗോഡൗണില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് തോട്ടുംകടവത്ത് അബ്ദുല്‍ ജിഷാറിന്റെ (39) മൃതദേഹമാണ് സംസ്‌കരിച്ചത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം റിയാദ് മന്‍സൂരിയ്യ മഖ്ബറയിലാണ് സംസ്‌കരിച്ചത്.
അസീസിയയിലെ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം കെ.എം.സി.സി പ്രവര്‍ത്തകരായ ഉമര്‍ അമാനത്ത്, ഷൗക്കത്ത്, ജംഷി, മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദിഖ് കല്ലുമ്പറമ്പന്‍, സിദ്ദീഖ് തുവ്വൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.
അബ്ദുള്‍ ജിഷാര്‍ ജോലിചെയ്തിരുന്ന ഗോഡൗണിലേക്ക് അഗ്‌നി അതിവേഗം ആളിപ്പടരുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ജിഷാറിനെ സഹപ്രവര്‍ത്തകര്‍ വിളിച്ചെങ്കിലും ഗോഡൗണിന്റെ മറ്റൊരു മൂലയില്‍ ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കേള്‍ക്കാനായില്ല. ഗോഡൗണ്‍ അഗ്‌നി വിഴുങ്ങിയതോടെ രക്ഷപ്പെടാന്‍ കഴിയാത്ത വിധം ജിഷാര്‍ കുടുങ്ങുകയായിരുന്നു.
രാവിലെ 7.30ന് ഉണ്ടായ അപകടത്തില്‍ ഉച്ചയോടെ പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി ജിഷാറിെന്റ മൃതദേഹം പുറത്തെടുത്തു. ഒരാഴ്ച മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് ജോലി സ്ഥലത്തെത്തിയത്. ഒ.ഐ.സി.സി അംഗമാണ്. പിതാവ്: അബ്ദുറഹ്മാന്‍, മാതാവ്: മറിയുമ്മ, ഭാര്യ: സക്കിറ. മക്കള്‍: അഫീഫ, റൂബ, ആമീര്‍, അനു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.