‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ ഒക്ടോബര്‍ നാലിനും അഞ്ചിനും റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ബോയ്‌സ് സ്‌കൂള്‍ കാമ്പസില്‍
റിയാദ്: ഇന്തോ-സൗദി സാംസ്‌കാരിക മഹോത്സവം ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ ഒക്ടോബര്‍ നാലിനും അഞ്ചിനും അരങ്ങേറും. റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ബോയ്‌സ് സ്‌കൂള്‍ കാമ്പസില്‍ നടക്കുന്ന മഹോത്സവം പ്രവാസി സമൂഹത്തിന് അവിസ്മരണീയ അനുഭവം സമ്മാനിയ്ക്കും.
ബോളിവുഡ് ഗായകന്‍ സല്‍മാന്‍ അലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഗീതമേള ‘താല്‍’, മലയാളി താരം കുഞ്ചോക്കോ ബോബന്‍ നയിക്കുന്ന കലാവിരുന്ന് ‘വൈബ്‌സ് ഓഫ് കേരള’, രുചിപ്പെരുമകളുടെ ഫുഡ് കോര്‍ണര്‍, കേരളത്തിലെയും സൗദിയിലെയും വ്യാപാരസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രൊപ്പര്‍ട്ടി ഷോ, ട്രേഡ് എക്‌സ്‌പോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആകര്‍ഷക സമ്മാനങ്ങളുമായി ലിറ്റില്‍ ആര്‍ട്ടിസ്റ്റ് ഡ്രോയിങ് ആന്‍ഡ് പെയിന്റിങ്, സിങ് ആന്‍ഡ് വിന്‍ മത്സരങ്ങള്‍ എന്നിവ നടക്കും. ഉദ്ഘാടന പരിപാടിയില്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഇന്ത്യയിലെയും സൗദിയിലെയും പ്രമുഖര്‍ പങ്കെടുക്കും.
ഒക്‌ടോബര്‍ 4 വെള്ളി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന കലാസാംസ്‌കാരിക വിരുന്നായാണ് ‘താല്‍’ അരങ്ങേറുക. പ്രശസ്ത ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവുമായ സല്‍മാന്‍ അലിയുടെ ബാന്‍ഡിനോടൊപ്പം പുതുതലമുറ ഗായകരായ ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിന്‍ എന്നിവര്‍ അണിനിരക്കും. പോപ്പ്, റോക്ക്, സൂഫി നാദധാരകള്‍ സമ്മേളിക്കുന്ന സംഗീത വിരുന്ന് ഇന്ത്യ, പാക്, ബംഗ്ലാദേശ് കലാസ്വാദകര്‍ക്ക് പുതിയ അനുഭൂതി പകരും.
ഒക്ടോബര്‍ 5 ശനി പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് നിറപ്പകിട്ടുള്ള പരിസമാപ്തി എന്ന നിലയില്‍ അരങ്ങേറുന്ന ‘വൈബ്‌സ് ഓഫ് കേരള’യില്‍ കുഞ്ചാക്കോ ബോബന്‍, സ്റ്റീഫന്‍ ദേവസി, യുവഗായകരായ നിത്യ മാമന്‍, കെ.എസ്. ഹരിശങ്കര്‍, ക്രിസ്റ്റകല, അക്ബര്‍ ഖാന്‍, നടനും നര്‍ത്തകനുമായ മുഹമ്മദ് റംസാന്‍, അവതാരകന്‍ മിഥുന്‍ രമേശ് എന്നിവര്‍ അണിനിരക്കും.
രണ്ടുദിവസവും ഉച്ചക്ക് ശേഷം മൂന്ന് മുതല്‍ ഫുഡ് കോര്‍ണര്‍, പ്രൊപ്പര്‍ട്ടി ഷോ, ട്രേഡ് എക്‌സ്‌പോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആകര്‍ഷകസമ്മാനങ്ങളുമായി ലിറ്റില്‍ ആര്‍ട്ടിസ്റ്റ് ഡ്രോയിങ് ആന്‍ഡ് പെയിന്റിങ്, സിങ് ആന്‍ഡ് വിന്‍ മത്സരങ്ങള്‍ എന്നിവ നടക്കും. സൗദിയിലെ പ്രവാസി സമൂഹത്തില്‍നിന്ന് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. https://greatindiafest.com എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ പ്രവേശന പാസ് ബുക്ക് ചെയ്യാം. രണ്ട് ദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ പരിപാടി സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.