ഹായില്‍ ഓറഞ്ച് മഹോത്സവം

റിയാദ്: ഹായില്‍ ഓറഞ്ച് മഹോത്സവത്തിന് ഇന്ന് കൊടി ഉയരും. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളുടെ സഹകരണത്തോടെയാണ് വിപണനോത്സവം. ഗവര്‍ണര്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഅ്ദ് ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഹായില്‍ കാര്‍ഷിക സഹകരണ സമിതിയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഓറഞ്ച് ഉത്സവം. ഹായിലില്‍ ഇരുനൂറിലധികം ഓറഞ്ച് തോട്ടങ്ങളാണുളളത്. ഇവിടങ്ങളില്‍ വിളവെടുക്കുന്ന വിവിധയിനം ഓറഞ്ച്, ചെറുനാരങ്ങ, കറിനാരങ്ങ എന്നിവയ്ക്കു പുറമെ ഇവിടെ വിളയുന്ന ഫല വര്‍ഗങ്ങളും പ്രദര്‍ശനത്തിനൊരുക്കും.

ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് ഉത്പ്പന്നങ്ങള്‍ വിത്ക്കാനും മികച്ച വില നേടാനും ഓറഞ്ച് മഹോത്സവം സഹായിക്കും. സൗദിയുടെ ഓറഞ്ച് ഉത്പ്പാദനത്തിന്റെ 46 ശതമാനവും ഹായിലില്‍ നിന്നാണ്. മാത്രമല്ല ഏറ്റവും മികച്ച ഗുണനിലവാരമുളള ഓറഞ്ച് ഉത്പ്പാദിപ്പിക്കുന്നതും ഹായിലിലാണ്.

രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്ന് നിരവധി സന്ദര്‍ശകള്‍ ഓറഞ്ച് മഹോത്സവ നഗരിയില്‍ വരും ദിവസങ്ങളില്‍ എത്തിച്ചേരും. വിളവെടുപ്പ കഴിഞ്ഞ തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും അവിടെ അവശേഷിക്കുന്ന ഓറഞ്ചുകള്‍ സൗജന്യമായി പറിച്ചെടുക്കാനും അവസരമുണ്ട്. അതുകൊണ്ടുതന്നെ മലയാളി കുടുംബങ്ങള്‍ കൂട്ടത്തോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave a Reply