Sauditimesonline

watches

കേളി ഫുട്‌ബോള്‍: കലാശപ്പോരില്‍ അസീസിയയും വാഴക്കാടും ഏറ്റുമുട്ടും

റിയാദ്: കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടും അസീസിയ സോക്കറും ഏറ്റുമുട്ടും. സെമിഫൈനല്‍ പോരാട്ടങ്ങളില്‍ നാലു ടീമുകളും പ്രഗത്ഭരായ താരങ്ങളെയാണ് നാട്ടില്‍ നിന്നും സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നും കളത്തിലിറക്കിയത്.

ഇസ്സ ഗ്രൂപ്പ് അസീസിയ സോക്കര്‍, മിഡീസ്റ്റ് ഫുഡ് പ്രോഡക്റ്റ് ആന്‍ഡ് ഇമാദ് യൂണിഫോം റെയിന്‍ബോ എഫ്‌സിയുമായി ഏറ്റുമുട്ടിയ ആദ്യ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അസീസിയ സോക്കര്‍ വിജയിച്ചു. കളിയുടെ 48ആം മിനുട്ടില്‍ ഏഴാം നമ്പര്‍ താരം ഷുഹൈബ് സലാം അസീസിയ സോക്കറിന് വേണ്ടി വിജയ് ഗോള്‍ നേടി. വീറും വാശിയുമേറിയ മത്സരത്തില്‍ ഇരു ടീമുകളും മികച്ച കളിയാണ് കാഴ്ചവെച്ചത്

മികച്ച കളിക്കാരനായി ഷുഹൈബ് സലാമിനെ തിരഞ്ഞെടുത്തു. തോല്‍വി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍ പ്രവേശിച്ച റെയിന്‍ബോക്ക് പക്ഷെ സെമിയില്‍ അടിപതറി.

ആദ്യ സെമിയില്‍ കേളി രക്ഷധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത്, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സെന്‍ ആന്റണി, ടെക്‌നിക്കല്‍ കമ്മറ്റി അംഗം റാഷിക്, ഫസ്സ് ക്ലാസ്സ് റെന്റെകാര്‍ പ്രതിനിധികളായ ലിനീഷ് കെ.ആര്‍, നൗഷാദ് പി.വി, റോയല്‍ ട്രാവല്‍സ് പ്രതിനിധി സമദ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

ഫോര്‍വേഡ് ലോജസ്റ്റിക് ആന്‍ഡ് റോമ കാസ് ലെ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട്, ദാറൂപ് മെഡിസിന്‍സ് ആന്‍ഡ് അറഫാ ഗോള്‍ഡ് കൊണ്ടോട്ടി റിയല്‍ കേരള എഫ്‌സിയുമായി ഏറ്റുമുട്ടിയ രണ്ടാം സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട് വിജയിച്ചു.

അത്യന്തം വാശിയേറിയ മത്സരം തുല്യ ശക്തികളുടെ തീപാറും പോരാട്ടം തന്നെയാണ് കാഴ്ച വെച്ചത്. കളിയുടെ ഏഴാം മിനുട്ടില്‍ 161ആം നമ്പര്‍ താരം നൗഫല്‍ വാഴക്കാട് എഫ് സിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. പെനാല്‍റ്റി ബോക്‌സില്‍ നിന്ന് ഹാന്‍ഡ് ബോള്‍ ആയതിനെ തുടര്‍ന്ന് റിയല്‍ കേരളയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെ 54ആം മിനുട്ടില്‍ പത്താം നമ്പര്‍താരം ഇര്‍ഷാദ് സമനില ഗോള്‍ നേടി. 63 ആം മിനുട്ടില്‍ റിയല്‍ കേരളയുടെ ഇടത് വിങ്ങിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പതിനൊന്നാം നമ്പര്‍താരം മുഹമ്മദ് ഡാനിഷ് നടത്തിയ ശരവേഗത്തിലുള്ള മുന്നേറ്റം ഗോളില്‍ കലാശിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നില ഉയര്‍ത്തി. 21. രണ്ടാമത്തെ ഗോളിന്റെ ആഘാതത്തില്‍ നിന്നും ഉണരും മുമ്പ് 65 ആം മിനിറ്റില്‍ 26 ആം നമ്പര്‍ താരം മുഹമ്മദ് ആഷിക് വീണ്ടും വാഴക്കാടിന്റെ ലീഡ് മൂന്നായി ഉയര്‍ത്തി. തുടരെയുള്ള രണ്ടു ഗോളുകളിലൂടെ റിയല്‍ കേരളയുടെ ഫൈനല്‍ സ്വപ്നത്തിന് തടയിട്ടുകൊണ്ട് വാഴക്കാട് ആധികാരിക വിജയം കരസ്ഥമാക്കി. മികച്ച കളിക്കാരനായി മുഹമ്മദ് ഡാനിഷിനെ തിരഞ്ഞെടുത്തു.

രണ്ടാം സെമിയില്‍ കേളി രക്ഷാധികാരി സമിതി അംഗം ടി ആര്‍ സുബ്രഹ്മണ്യന്‍, കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ ടെക്‌നിക്കല്‍ കമ്മറ്റി അംഗങ്ങളായ ത്വയ്യിബ്, ഇസ്മയില്‍ കൊടിഞ്ഞി, കുദു റിയാദ് ഏരിയ മാനേജര്‍ പവിത്രന്‍, സ്‌പൈസ് വേള്‍ഡ് എംഡി ലത്തീഫ് കൂളിമാട്, അല്‍ ഇന്‍മാ ബാങ്ക് പ്രതിനിധികളായ മുഹമ്മദ് ശഹരി, അബ്ദുള്ള ശഹരി, റിയാദ് വില്ല പ്രോജക്ട് മാനേജര്‍ രതീഷ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

ഫൈനല്‍ മസത്സരം 29ന് വൈകുനേരം ആറുമണിക്ക് നടക്കും. മത്സരത്തിന് മുമ്പായി ട്രോഫി അനാച്ഛാദനവും കുട്ടികളുടെ വിവിധ കലാപരിപാടികളും സമാപന സമ്മേളനവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top