Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

ടിഎ ജാഫര്‍ കളിക്കളം ഒഴിഞ്ഞു; ഡിഫ അനുശോചനം

ദമാം: സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പര്‍ ഫുട്ബാള്‍ താരം ടി എ ജാഫറിന്റെ നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്!ബോള്‍ അസോസിയേഷന്‍ (ഡിഫ) അനുശോചിച്ചു. കേരളത്തിലെ എണ്ണം പറഞ്ഞ ടൂര്‍ണമെന്റുകളില്‍ മിന്നുന്ന പ്രകടനം നടത്തി കളിയാരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ടി.എ ജാഫറെന്ന് ഡിഫ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

1973ല്‍ കേരള ടീം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയപ്പോള്‍ ടി.കെ.എസ് മണി നയിച്ച ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു ടി.എ ജാഫര്‍. 1992, 93 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മുഖ്യ പരിശീലകന്‍. 1973 ഡിസംബര്‍ 27നാണ് കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ റെയില്‍വേയ്‌സിനെ തോല്‍പ്പിച്ച് കേരളം ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ആ നേട്ടത്തിന്റെ 50ാം വാര്‍ഷിക ആഘോഷങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ജാഫര്‍ വിടപറഞ്ഞത്. കളിക്കാലം കഴിഞ്ഞ് പരിശീലകനായി വേഷമിട്ടപ്പോഴും വിജയങ്ങള്‍ അദ്ദേഹത്തിനൊപ്പം നിന്നു.

1988ലാണ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകനായി ചേര്‍ന്നത്. ഐ.എം വിജയനും ജോ പോള്‍ അഞ്ചേരിയും പാപ്പച്ചനും ഇഗ്‌നേഷ്യസുമൊക്കെ കളിച്ച 90കളുടെ തുടക്കത്തില്‍ പരിശീലകനായിറങ്ങി കേരളത്തെ സന്തോഷ് ട്രോഫിയില്‍ ചാമ്പ്യന്മാരാക്കി ചരിത്രമെഴുതിയ ടി എ ജാഫര്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ എന്നും അനശ്വരമായി നിലനില്‍ക്കുമെന്ന് ഡിഫയുടെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top