Sauditimesonline

MUNNA ST
വിവാഹത്തിനായി നാട്ടിലെത്താന്‍ ദിവസങ്ങള്‍ മാത്രം; മലയാളി യുവാവിന്റെ വിയോഗത്തില്‍ നടുങ്ങി സുഹൃത്തുക്കള്‍

ചരിത്രവും വ്യവസായവും കൈകോര്‍ക്കുന്നു; സൗദി വികസന ഭൂപടത്തില്‍ ഇനി ‘ഖിബ’യും

ബുറൈദ: പുരാതന കച്ചവടപ്പാതകളിലെ പ്രധാന ഇടത്താവളമായിരുന്ന അല്‍ ഖസീം പ്രവിശ്യയിലെ ‘ഖിബ’ പ്രദേശം സൗദിയുടെ ആധുനിക വികസന ഭൂപടത്തിലേക്ക്. ബുറൈദയില്‍ നിന്ന് 150 കിലോമീറ്റര്‍ വടക്കു കിഴക്കായി അല്‍ അസ്യ ഗവര്‍ണറേറ്റിലാണ് ഖിബ. ഖസീമിന്റെ ‘കിഴക്കന്‍ കവാടം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഹായില്‍, റിയാദ്, കിഴക്കന്‍ വടക്കന്‍ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാതയാണിത്.

ഇറാഖില്‍ നിന്നുള്ള വ്യാപാരികളുടെ സുപ്രധാന വിതരണ കേന്ദ്രമായിരുന്ന ഇവിടം സഊദി അറേബ്യയുടെ ഏകീകരണ കാലത്താണ് സ്ഥിരതാമസ കേന്ദ്രമായി മാറിയത്. 1932ല്‍ നിര്‍മിച്ച കിങ് അബ്ദുല്‍ അസീസ് കൊട്ടാരമാണ് ഖിബയിലെ പ്രധാന വിസ്മയം. 15,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കൊട്ടാരത്തിന് അഞ്ച് നിരീക്ഷണ ഗോപുരങ്ങളുണ്ട്. പഴയ എമിറേറ്റ് കെട്ടിടവും പൈതൃക വിപണിയും ഇവിടുത്തെ പ്രതിരോധ ചരിത്രത്തിന്റെ അടയാളങ്ങളാണ്.

പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ആധുനിക വ്യവസായ കേന്ദ്രമായും ഖിബ കരുത്താര്‍ജിക്കുകയാണ്. രാജ്യത്തെ നിര്‍ണായക പദ്ധതിയായ ‘അല്‍ബൈത’ ബോക്‌സൈറ്റ് ഖനി ഇവിടെയാണ്. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴില്‍ മേഖലയ്ക്കും വലിയ ഉണര്‍വാണ് നല്‍കുന്നത്. ഈന്തപ്പഴ കൃഷിയുള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലും ഒട്ടക വളര്‍ത്തല്‍ ഉള്‍പ്പെടെ കന്നുകാലി വളര്‍ത്തല്‍ രംഗത്തും ഖിബ വലിയ മുന്നേറ്റം തുടരുന്നു.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഖിബയെ പ്രവിശ്യയിലെ പ്രധാന ലോജിസ്റ്റിക്കല്‍ ഹബ്ബാക്കി മാറ്റാനാണ് അധികൃതരുടെ നീക്കം. ചരിത്രത്തെയും ആധുനികതയെയും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന വികസന മാതൃകയ്ക്കാണ് ഖിബ സാക്ഷ്യം വഹിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top