
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളില്‍ സൗദി എയര്‍ലൈന്‍സ് പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ സൗദി പൗരന്മാര്‍ക്കും ഇന്ത്യക്കാള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഉണ്ടായ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇന്നാണ് പുറത്തുവിട്ടത്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. സൗദിയ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ ഉണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ സൗദി എയര്‍ലൈന്‍സ് പൈലറ്റ് ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍ഖല്‍ത്താമി കൊല്ലപ്പെട്ടതായി സൗദിയ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു.

ആക്രമണം ഉണ്ടായ ഉടന്‍ സുരക്ഷാ സേനയും അടിയന്തര രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അതിനിടെ, യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനയാത്രയുടെ സമയം ഉള്‍പ്പെടെ ഉറപ്പുവരുത്തണമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






