
റിയാദ്: എന്‍. ആര്‍. കെ ഫോറവും മൂണ്‍ ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന റാപ്പര്‍ വേടന്റെ മെഗാ ലൈവ് മ്യൂസിക് ഇവന്റ് ‘ആരവം’ മാറ്റിവെച്ചു. ഒക്ടോബര്‍ 16 വെള്ളിയാഴ്ച റിയാദിലെ ദിറാബ് പാര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും കാണികളുടെയും കലാകാരന്മാരുടെയും പരിപാടിയുടെ ഭാഗമായുള്ള ജീവനക്കാരുടെയും സുരക്ഷയും പരിഗണിച്ച് മാറ്റിവെക്കാന്‍ സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നിര്‍ദേശം നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.

അതോറിറ്റി നല്‍കിയ അറിയിപ്പില്‍, പുതിയ തീയതി നിശ്ചയിക്കുന്നതിനും വേദിയുമായും ബന്ധപ്പെട്ട കക്ഷികളുമായും ഏകോപനം നടത്താനും ആവശ്യമായ പെര്‍മിറ്റ് ഭേദഗതിക്ക് അപേക്ഷ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതോറിറ്റിയുടെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ പുതുക്കിയ തീയതി പ്രഖ്യാപിക്കാന്‍ പാടുള്ളൂവെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

വേടനു പുറമെ ആര്യ ദയാല്‍, ദയാന, യോഗി ശേഖര്‍, ഡിജെ സിബിന്‍, വി-ഫ്രീക് തുടങ്ങി നിരവധി കലാകാരന്മാര്‍ പങ്കെടുക്കുന്ന ‘ആരവം’ റിയാദിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഗീത പരിപാടിയാണ്.
ഒക്ടോബര്‍ 2ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ഒക്ടോബര്‍ 16ലേക്ക് മാറ്റിയിരുന്നു. അതാണ് വീണ്ടും മാറ്റിയത്. ടിക്കറ്റ് എടുത്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍.ആര്‍.കെ ഫോറം, മൂണ്‍ ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റ് എന്നിവരുമായി ബന്ധപ്പെടണം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






