
റിയാദ്: കേരളത്തില്‍ നിന്നു കൊറിയര്‍ വഴി ജീവന്‍ രക്ഷാ മരുന്നുകള്‍ റിയാദില്‍ എത്തിച്ച് ഐ സി എഫ് റിയാദ് സാന്ത്വനം പ്രവര്‍ത്തകര്‍. പതിനൊന്ന് വര്‍ഷം മുമ്പ് ഹൃദയ ശസ്ത്രകൃയ കഴിഞ്ഞ ആലപ്പുഴ വെളുംപറമ്പില്‍ ഷൗക്കത്ത് അലിക്കാണ് മരുന്നെത്തിച്ചത്. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് പകരം ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിന് അലര്‍ജി അനുഭവപ്പെട്ടിരുന്നു. ഇതോടെ ഡോക്ടര്‍ ഡോസ് കുറച്ചിരുന്നു. ഇതിനിടെയാണ് നാട്ടില്‍ നിന്നു മരുന്നെത്തിയത്. നോര്‍ക്ക റൂട്ട്‌സ്, ഡി എച്ച് എല്‍ കൊറിയര്‍ സര്‍വീസ്, എസ് വൈ എസ് കേരള സാന്ത്വനം തുടങ്ങിയവരുടെ സഹകരണത്തോടെ ഒരാഴ്ച്ച കൊണ്ടാണ് മരുന്നെത്തിച്ചത്.
ഷൗക്കത്ത് അലിക്ക് മരുന്നെത്തിക്കണമെന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ ഐ സി എഫ് റിയാദ് വെല്‍ഫെയര്‍ സെക്രട്ടറി ഷുക്കൂര്‍ മടക്കര ഷൗക്കത്തിനെ ബന്ധപ്പെടുകയായിരുന്നു. നാട്ടില്‍ പോയി വരുമ്പോഴും സുഹ്യത്തുക്കള്‍ വഴിയും ആവശ്യമായ മരുന്നെത്തിച്ചാണ് ഷൗക്കത്ത് ഉപയോഗിച്ചിരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മരുന്നുകള്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.
ഐ സി എഫ് പ്രവര്‍ത്തകര്‍ മാതൃ സംഘടനയായ സുന്നി യുവജന സംഘത്തിന്റെ ആലപ്പുഴ ജില്ലാ സാന്ത്വനം വളണ്ടിയര്‍ വിങ്ങുമായി ബന്ധപെട്ടു മരുന്നെത്തിക്കനുള്ള സാധ്യതകള്‍ ആരാഞ്ഞു. ഇവരാണ് നോര്‍ക്ക പുതുതായി ഏര്‍പ്പെടുത്തിയ സംവിധനം ഉപയോഗപ്പെടുത്തി മരുന്നെത്തിക്കാന്‍ സഹായിച്ചത്. ആലപ്പുഴയിലെ ഷൗക്കത്തിന്റെ വീട്ടില്‍ നിന്നു മരുന്ന് കൈപ്പറ്റിയ സാന്ത്വനം പ്രവര്‍ത്തകര്‍, നോര്‍ക്കയുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെ പ്രത്യേക ഡി എച്ച് എല്‍ കൗണ്ടറില്‍ എത്തിച്ചു. കൊറിയര്‍ ചാര്‍ജായ 2880 രൂപ എസ് വൈ എസ് അടച്ചു. ഒരഴ്ചകൊണ്ട് റിയാദ് ഐ സി എഫ് വെല്‍ഫെയര്‍ സെക്രട്ടറി ഷുക്കൂര്‍ മടക്കരയുടെ പേരില്‍ റിയാദില്‍ എത്തിയ മരുന്ന് ഷൗക്കത്തലിക്ക് കൈമാറി. നിയമ തടസ്സങ്ങള്‍ നേരിടാതെയാണ് മരുന്നുകള്‍ ലഭിച്ചതെന്ന് ഐ സി എഫ് സര്‍വ്വീസ് സമിതി അംഗം ഇബ്രാഹിം കരീം പറഞ്ഞു. എസ് വൈ എസ് കേരള സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ചു, കേരളത്തില്‍ എവിടെ നിന്നും മരുന്നുകള്‍ സൗദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും എത്തിക്കാന്‍ ഐ സി എഫ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഐ സി എഫ് ഹെല്‍പ് ഡെസ്‌കുമായി 0504756357 ബന്ധപ്പെടാവുന്നതാണെന്ന് ഐ സി എഫ് സര്‍വ്വീസ് സെക്രട്ടറി സൈനുദ്ദീന്‍ കുനിയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.