Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

ഹര്‍മോണിയവും തബലയുമില്ല; മനസ്സില്‍ സ്വരലയം തീര്‍ത്ത് സൗഹൃദക്കൂട്ടം

റിയാദ്: മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ഇ്യാസ് മണ്ണാര്‍ക്കാട്. കേരള മാപ്പിളകലാ അക്കാദമി റിയാദ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്, സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍, കലാ, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി പൊതുസമൂഹത്തില്‍ നിറസാന്നിധ്യമായ ഇല്ല്യാസ് മണ്ണാര്‍ക്കാടിന് സുഹൃത്തുക്കള്‍ യാത്രയയപ്പ് നല്‍കി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ സംഗീതവും താളമേളങ്ങളുമില്ലാതെ കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചുളള യാത്രയയപ്പ്.

സംഗീത അധ്യാപകന്‍, ഗായകന്‍, പിന്നണി വാദ്യക്കാരന്‍, സംഗീത കച്ചേരി സംഘാടകന്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലയിലെല്ലാം പ്രവാസി സമൂഹത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത മുഖമാണ് ഇല്യാസ് മണ്ണാര്‍ക്കാടിന്റേത്.
1986ല്‍ ദമ്മാമില്‍ പ്രവാസം തുടങ്ങി. ദീര്‍ഘകാലം റിയാദിലാണ് ജോലി ചെയ്തിരുന്നത്. 2006 മുതല്‍ റിയാദിലെ അല്‍ആലിയ സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. ഒഴിവുസമയം സംഗീതത്തിനു വേണ്ടി മാറ്റിവെച്ചു. ഒരുവിധം സംഗീത ഉപകരണങ്ങളെല്ലാം അദ്ധേഹത്തിന്റെ വിരല്‍ തുമ്പുകളിലൂടെ സംഗീത സാന്ദ്രമാക്കിയിരുന്നു. സൗദിയിലെ പല സംഗീത മത്സരങ്ങളുടെയും വിധി കര്‍ത്താവ് എന്ന നിലയിലും ശ്രദ്ധനേടി.

ഗായകന്‍ മാത്രമല്ല മികച്ച അനൗണ്‍സര്‍ എന്ന നിലയിലും തിളങ്ങിയിരുന്നു. സൗദി അറേബ്യയില്‍ നിന്നു മലയാള ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ താരങ്ങളായി വളര്‍ന്ന നിരവധി കുട്ടികള്‍ ഇല്യാസ് മാഷിന്റെ ശിഷ്യ ഗണത്തില്‍ ഉള്‍പ്പെട്ടവരാണ്. റിയാദ് മാപ്പിള കലാ അക്കാദമി, അറേബ്യന്‍ മെലഡീസ്, റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല), റിയാദ് കലാഭവന്‍ തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളുടെ സാരഥ്യം വഹിച്ചിട്ടുണ്ട്. സിനിമ പിന്നണി ഗായകരായ വിദ്യാധരന്‍ മാഷ്, കൃഷ്ണ ചന്ദ്രന്‍ കാഞ്ഞങ്ങാട്, വിധു പ്രതാപ്, അഫ്‌സല്‍, അനൂപ് ശങ്കര്‍, കലാഭവന്‍ മണി, ഹിഷാം അബ്ദുല്‍ വഹാബ്, നാദിര്‍ഷ, സമദ്, അന്‍വര്‍ സാദാത്ത്, ജഗദീഷ് തുടങ്ങിയവര്‍ക്കും മാപ്പിള പാട്ടിലെ പ്രശസ്തരായ മൂസ എരഞ്ഞോളി, വി.എം. കുട്ടി, വിളയില്‍ ഫസീല, ഫൈസല്‍ എളേറ്റില്‍, എം.എ. ഗഫൂര്‍ തുടങ്ങി പഴയതും പുതിയതുമായ ഒട്ടേറെ കലാകാരന്മാരോടൊപ്പം സംഗീതോപകരണങ്ങള്‍ വായിച്ചിട്ടുണ്ട്.

അക്കാദമിയുടെ ഉപഹാരം പ്രസിഡന്റ് ജലീല്‍ തീരുര്‍ സമ്മാനിച്ചു. ചടങ്ങില്‍ ഹംസ കല്ലിങ്ങല്‍, ഇബ്രാഹിം വെളിയംകോട്, മുനീര്‍ കുനിയില്‍, ഷാനവാസ് ഷാനു തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ നടന്ന ഓണ്‍ലൈന്‍ യാത്രയയപ്പില്‍ ചെയര്‍മാന്‍ മൂസ പട്ട, ഹാരിസ് ചോല, സത്താര്‍ മാവൂര്‍, ഷമീര്‍ ബാബു ഫാറൂക്, അഷ്‌റഫ് മേച്ചേരി, ഉമ്മര്‍ മീഞ്ചന്ത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഇസ്മായില്‍ കരോളം സ്വാഗതവും ട്രഷറര്‍ ജമാല്‍ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top