
റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മ കോഴിക്കോടന്‍സ് അറ്റ് റിയാദിന്റെ കനിവില്‍ 265 യാത്രക്കാര്‍ നാട്ടിലെത്തി. ഇറാം ഗ്രൂപ്പുമായി ചേര്‍ന്ന് സൗദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനമാണ് സര്‍വീസ് നടത്തിയത്. ആറു ശിശുക്കള്‍ ഉള്‍പ്പെടെ 265 യാത്രക്കാരാണ് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട് എത്തിയത്. നിര്‍ധനരായവര്‍ക്ക് കോഴിക്കോടന്‍സ് സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തതായി കോ ഓര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ പൂനൂര്‍, അബ്ബാസ് വി കെ, മുനീബ് പാഴൂര്‍ എന്നിവര്‍ പറഞ്ഞു.

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സാമൂഹിക അകലം പാലിച്ചു സൗദി എയര്‍ലൈന്‍സിലായിരുന്നു യാത്ര. 43 കിലോ ബാഗേജും അനുവദിച്ചു. കോഴിക്കോട്ടുകാരോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. ഡയാലിസിസ് അടക്കമുള്ള അടിയന്തര വൈദ്യ സഹായം ആവശ്യമുളളവരും വിസ കാലാവധി കഴിഞ്ഞ് സൗദിയില്‍ കുടുങ്ങിയവരും ഈ വിമാനത്തില്‍ നാടണഞ്ഞു.
റിയാദ് എയര്‍പോര്‍ട്ടില്‍ സാമൂഹ്യപ്രവര്‍ത്തകരായ അഷ്‌റഫ് വേങ്ങാട്ട്, മുജീബ് ഉപ്പട എന്നിവരും ഇറാം ഗ്രൂപ്പിന്റെ ലിജോ ജോയ്, അഹമ്മദ് ഫലാഹ്, ഫൈസല്‍ കച്ചേരിത്തൊടു എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
