Sauditimesonline

prof
കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകം: പ്രൊഫ. ജയശ്രീ

‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ റിയാദില്‍; സൗദി സഞ്ചാരികളെ ക്ഷണിച്ച് ഇന്ത്യ

റിയാദ്: ഇന്ത്യാ സര്‍ക്കാരിന്റെ ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് റിയാദിലെ ഇന്ത്യന്‍ എംബസി ടൂറിസം പ്രമോഷന്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയൊരുക്കുന്ന പുതിയ അവസരങ്ങള്‍ വിലയിരുത്തുന്നതിന് സൗദി അറേബ്യയിലെ ട്രാവല്‍–ടൂര്‍ ഓപ്പറേറ്റര്‍മാരും വ്യവസായ പ്രമുഖരും പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഇന്ത്യന്‍ വിമാനക്കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയും സൗദിയും തമ്മില്‍ ചരിത്രപരമായ ബന്ധവും സാംസ്‌കാരിക ഇടപെടലുകളും ജനങ്ങളിടയിലെ അടുത്ത സൗഹൃദങ്ങളും ശക്തിപ്പെടുത്തുന്നതില്‍ വിനോദ സഞ്ചാരം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിനോദസഞ്ചാരം, സാംസ്‌കാരിക യാത്ര എന്നിവയ്ക്കായി സൗദി ജനതയെ ഇന്ത്യയിലേയ്ക്ക് അംബാസഡര്‍ ക്ഷണിച്ചു. വിസ്മയ സ്മാരകങ്ങള്‍, വന്യജീവി സങ്കേതങ്ങളിലെ അനുഭവങ്ങള്‍, സാഹസിക വിനോദങ്ങള്‍, ശാന്തമായ ധ്യാനം, ആയുര്‍വേദ ചികിത്സ തുടങ്ങി വൈവിധ്യമാര്‍ന്ന ടൂറിസം അനുഭവങ്ങളുടെ സമ്പൂര്‍ണ്ണ പാക്കേജാണ് ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ വിനോദസഞ്ചാരികള്‍ക്കായി അവതരിപ്പിക്കുന്നത്. 44 യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളുടെ നാടാണ് ഇന്ത്യ. സൗദി പൗരന്മാര്‍ക്ക് യാത്ര എളുപ്പമാക്കുന്നതിന് 2023ല്‍ ഇ-വിസ സംവിധാനം ആരംഭിച്ചതും അംബാസഡര്‍ വിശദീകരിച്ചു.

പരിപാടിയില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തി. സാംസ്‌കാരിക പ്രകടനങ്ങളും വിഭവസമൃദ്ധമായ രുചിക്കൂട്ടുകളും ഒരുക്കിയിരുന്നു. സെലിബ്രിറ്റി ഷെഫ് സഞ്ജയ് താക്കൂര്‍ ഇന്ത്യന്‍ കറിക്കൂട്ടുകള്‍ വിശദീകരിച്ചു. നൂറ്റാണ്ടുകളായി തുടരുന്ന ഇന്ത്യ-സൗദി വ്യാപാര ബന്ധങ്ങളും ജനങ്ങളിടയിലെ ഇടപെടലുകളും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ രൂപംകൊണ്ട ഭക്ഷ്യ പാരമ്പര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി യാത്രികര്‍ക്കുള്ള ഇന്ത്യന്‍ വിസ നടപടിക്രമങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും കുടുംബസഹിതം സന്ദര്‍ശിക്കുന്നവക്കും ഏറെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യയുമായി എട്ട് ഇന്ത്യന്‍ നഗരങ്ങള്‍ നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ടൂറിസം, സാംസ്‌കാരിക സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് 2025 ഏപ്രിലില്‍ ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴില്‍ ടൂറിസം-സാംസ്‌കാരിക മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top