റിയാദ്: എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു. സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തി. എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസി സമൂഹം എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു.
രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യ-സൗദി ബന്ധം ശക്തമാണെന്നു പറഞ്ഞ അംബാസഡര്‍ 2047 ആകുന്നതോടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ കഴിയുന്ന മുന്നേറ്റമാണ് നടക്കുന്നതെന്നു പറഞ്ഞു. നൃത്തനൃത്യങ്ങള്‍, ദേശഭക്തി ഗാനം തുടങ്ങി വിവിധ സാംസ്‌കാരിക പരിപാടിളും അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി വിഭജന ഭീതിയുടെ അനുസ്മരണ ദിന ഫോട്ടോ പ്രദര്‍ശനവും നടന്നു. ഇന്ത്യന്‍ എംബസി അടുത്തിടെ നടത്തിയ ഓണ്‍ലൈന്‍ ഫ്രീഡം ക്വിസ് വിജയികളെ ചടങ്ങില്‍ ആദരിച്ചു.
2021 മാര്‍ച്ച് 12ന് ഔദ്യോഗികമായി ആരംഭിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ സമാപനവും നടന്നു. സൗദി അറേബ്യയില്‍ എംബസിയുടെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍, ചലച്ചിത്രമേളകള്‍, ഗോള്‍ഫ് ടൂര്‍ണമെന്റ്, പ്രഭാഷണ പരമ്പരകള്‍, യോഗ പ്രദര്‍ശനം എന്നിവ അരങ്ങേറി. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികം കൂടിയാണ് ആഘോഷിച്ചത്.
ഈ വര്‍ഷം സ്വതന്ത്ര ദിനത്തില്‍ ഇന്ത്യ എന്റെ മാതൃഭൂമി, എന്റെ രാജ്യം കാമ്പെയ്ന്‍ റിയാദിലും ആചരിച്ചു. ഇതിന്റെ ഭാഗമായി ആഗസ്ത് 12ന് പ്രത്യേക പരിപാടിയും ഒരുക്കിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
