ഇന്നു കാണുന്ന വനിതാ ശാക്തീകരണം ഇസ്ലാമിന്റെ സംഭാവന: ഖലീല്‍ അല്‍ ബുഖാരി

റിയാദ്: പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാം മുന്നോട്ട് വെച്ച ആശയങ്ങളും നിലപാടുകളുമാണ് സ്ത്രീസ്വാതന്ത്യമെന്ന പേരില്‍ ലോകം മുന്നോട്ട് വെക്കുന്നതെന്ന് സയ്യിദ് ഇബാറഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍.

ചൈനയില്‍ നിലവിലുണ്ടായിരുന്ന ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ കാരണം ആനുപാതികമായി ചെറുപ്പക്കാര്‍ ഇല്ലാതായി. ഇതു മൂലം തൊഴിലിടങ്ങളിലെ മനുഷ്യ വിഭവ ശേഷി കുറഞ്ഞു. ഇതു രാജ്യത്തിന്റെ സമ്പദ്ഘടന തകിടം മറിയുമെന്ന തിരിച്ചറിവാണ് ചൈനയെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നേരിന്റെ പക്ഷം നാല്പതാണ്ടുകള്‍’ എന്ന പ്രമേയത്തില്‍ നടത്തിയ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, പൊതു സമ്മേളനം, ഹാദിയ സംഗമം എന്നിവ നടന്നു.

1982ല്‍ രൂപീകരണ സമയത്ത് ഉണ്ടായിരുന്ന സയ്യിദ് അബ്ദുള്ള കോയ എന്ന ടി എസ് എ തങ്ങളും ആദ്യകാല പ്രബോധകന്‍ അബ്ദുല്‍ റഊഫ് സഖാഫിയും അതിഥികളായി പങ്കെടുത്തു. പ്രതിനിധി സമ്മേളനത്തോടെയാണ് സമാപന സംഗമത്തിന് തുടക്കം. ഐ സി എഫ് ഇന്റര്‍നാഷണല്‍
സെക്രട്ടറി അബ്ദുല്‍ നിസാര്‍ കാമില്‍ സഖാഫി (ഒമാന്‍) മുഖ്യ പ്രഭാഷണം നടത്തി.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രവാസത്തിന്റെ വിവിധഭാവങ്ങള്‍ വിശകലനം ചെയ്ത് മൂന്ന് വിഷയങ്ങളില്‍ അവതരിപ്പിച്ചു. സിറാജ് ദിനപത്രം ന്യൂസ് എഡിറ്റര്‍ മുസ്തഫ പി അറയ്ക്കല്‍, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ആര്‍ ജയചന്ദ്രന്‍ എന്നവര്‍ പങ്കെടുത്തു. ഐ സി എഫ് നാഷണല്‍ സെക്രട്ടറി നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു.

പൊതു സമ്മേളനത്തില്‍ എസ് എസ് എഫ് ദേശീയ സമിതി അംഗം റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. വ്യത്യസ്ത മേഖലകളില്‍ സമൂഹത്തിന് ഗുണകരമായ സേവനങ്ങള്‍ ചെയ്ത നാലു പേര്‍ക്കുള്ള എമിനന്റ് അവാര്‍ഡുകള്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി ചടങ്ങില്‍ വിതരണം ചെയ്തു. ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, അബ്ദുല്‍ നാസര്‍ അഹ്‌സനി, ലുഖ്മാന്‍ പാഴൂര്‍, അബ്ദുല്‍ മജീദ് താനാളൂര്‍, ഷെമീര്‍ രണ്ടത്താണി, മര്‍സൂഖ് സഅദി, മുഹമ്മദ് ബാദുഷ സഖാഫി, അസീസ് പാലൂര്‍, ലത്തീഫ് മിസ്ബാഹി, നൗഷാദ് മാസ്റ്റര്‍, മുസ്തഫ സഅദി ഇബ്രാഹീം കരീം എന്നിവര്‍ പ്രസംഗിച്ചു.

രിസാലത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രവാചക നഗരിയുടെ നേര്‍കാഴ്ച്ചകളുടെ പ്രദര്‍ശനമായ മദീന ആര്‍ട്ട് ഗാലറി പ്രമുഖ വ്യവസായി മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും ഐ സി എഫ് നടത്തിയ മാസ്റ്റര്‍ മൈന്റ് ക്വിസ് വിജയികള്‍ക്കും ഹാദിയ അക്കാദമി ഇന്റര്‍നാഷണല്‍ ക്വിസ് വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്റ്റര്‍ കമ്മറ്റികള്‍ ഒരുക്കിയ തട്ടുകടകള്‍ സമ്മേളത്തിനു വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.

 

Leave a Reply