മുഖ്യമന്ത്രിയെ അവഹേളിക്കുന്നത് പ്രതിരോധിക്കും; അത് ധൂര്‍ത്തല്ല: ഏ എം ആരിഫ് എംപി

തിരുവനന്തപുരം-റിയാദ് നേരിട്ട് വിമാന സര്‍വീസിന് ഇടപെടും

റിയാദ്: തിരുവനന്തപുരം സെക്ടറില്‍ റിയാദില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഇടപെണടമന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചതായി ഏഎം ആരിഫ് എംപി. അടുത്ത പാര്‍ലമെന്റ് സെഷനില്‍ വിഷയം ഉന്നയിക്കും. നയതന്ത്ര തലത്തില്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. റിയാദിലെ കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഒരുക്കുന്ന ‘കേരളീയം-2023’ല്‍ പങ്കെടുക്കാനെത്തിയ എംപി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കേരളത്തില്‍ കുളം കലക്കി മീന്‍ പിടിക്കാനാണ് ആര്‍എസ്എസ് ശ്രമം. ഇടതു ചേരിയിലെ മുസ്‌ലിം പേരുകാരെ തെരഞ്ഞുപിടിച്ച് ജാതിപറഞ്ഞ് ആക്രമിക്കുന്നത് അവരുടെ തീരുമാനമാണ്. അതിന്റെ ഇരയാണ് താന്‍. ഇതുകണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തനിമ പുറം ലോകത്തെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേരളീയം നടത്തിയത്. കുടുംബശ്രീയുടെ സ്റ്റാളുകളില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ ക്രയവിക്രയം നടന്നു. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ത്തിട്ട് ഒരു കാര്യവും നടക്കില്ല. കേരളീയത്തിന് ചെലവഴിച്ച പണം ധൂര്‍ത്തല്ലെന്നും ഏ എം ആരിഫ് പറഞ്ഞു.

മുഖ്യമന്ത്രിയേയും കുടുംബത്തെയും അവഹേളിക്കുന്നത് നോക്കിയിരിക്കാനാവില്ല. പ്രതിരോധം തീര്‍ക്കും. മുഖ്യമന്ത്രിക്കെതിരെ എന്തും പറഞ്ഞോട്ടെ എന്നു കരുതി മിണ്ടാതിരിക്കില്ല. അക്കാലമൊക്കെ കഴിഞ്ഞു. എതിര്‍പ്പിനെ അതിജീവിക്കാനുളള നല്ല പ്രചാരണം നടത്തും. സാമൂഹിക ക്ഷേമ പെന്‍ഷന്‍ മുടങ്ങുമ്പോഴും ലക്ഷങ്ങള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പ്രചാരണം നടക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോഴാണ് ഏ എം ആരിഫ് ഇങ്ങനെ പ്രതികരിച്ചത്.

മൈത്രി ‘കേരളീയം-2023’റിയാദ് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ 10 വൈകീട്ട് 7.00ന് നടക്കും. ഏ എം ആരിഫ് എംപി മുഖ്യാതിഥിയായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍, പ്രോഗ്രാം കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി, ട്രഷറര് സാദിഖ്, ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ മജീദ് എന്നിവര് പങ്കെടുത്തു.

 

Leave a Reply