
റിയാദ്: ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുളളവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് നിയമ ലംഘനമാണെന്ന് കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു അനുമതി ലഭിക്കുന്നതുവരെ ചികിത്സ വൈകിപ്പിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അവകാശമില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ഓ പിയില്‍ എത്തുന്ന രോഗികള്‍ക്ക് 500 റിയാലില്‍ കൂടുതലുളള ചികിത്സക്ക് മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതി ആവശ്യമുളളൂ. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ അനുമതി ഇല്ലാതെ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അടിയന്തിര ചികിത്സ സംബന്ധിച്ച് 24 മണിക്കൂറിനകം ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിച്ചാല്‍ മതിയെന്നാണ് ചട്ടം.
ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതി ലഭിക്കാന്‍ രോഗികള്‍ മണിക്കൂറുകളോളം ആശുപത്രികളില്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് അനുവദിക്കാന്‍ കഴിയില്ല. ഇത് ഗൗരവമായി പരിശോധിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കൗണ്‍സില്‍ വക്താവ് യാസിര്‍ അല്‍ മആരിക് പറഞ്ഞു.
ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും അനുമതി ലഭിക്കുന്നതിനുളള പരമാവധി സമയം ഒരു മണിക്കൂറാണ്. നിശ്ചിത സമയത്തിനകം മറുപടി ലഭ്യമല്ലെങ്കില്‍ അനുമതി ലഭിച്ചിതായി പരിഗണിക്കും. ഇന്‍ഷുറന്‍സ് കമ്പനികളുടെ സംശയങ്ങള്‍ക്ക് അര മണിക്കൂറിനകം ആരോഗ്യ കേന്ദ്രങ്ങള്‍ മറുപടി നല്‍കണമെന്നും കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
