Sauditimesonline

SaudiTimes

ഇന്ത്യന്‍ വൈവിധ്യം കരുത്താകണം: എന്‍ആര്‍ഐ കോണ്‍ക്ലേവ്

റിയാദ്: ഇന്റര്‍നാഷണല്‍ ജേണലിസ്റ്റ് ഫ്രറ്റേണിറ്റി ഫോറം പ്രഥമ എന്‍ആര്‍ഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ‘ഇന്ത്യയുടെ വൈവിധ്യം; തന്ത്രപ്രധാന കരുത്ത്’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി.

ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ പുരോഗതി, നേട്ടങ്ങള്‍ എന്നിവ വിശദീകരിച്ച പരിപാടിയില്‍ ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാന്‍ കഴിയുന്ന സംവാദങ്ങള്‍ക്കും സമ്മേളനം വേദിയായി. ഇന്ത്യയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണം ഉയര്‍ന്നുവരുന്നുണ്ടെന്നും ആഗോള തലത്തില്‍ ഇന്ത്യയെ നിഷേധാത്മകമായി ചിത്രീകരിക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യമുള്ളവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയില്‍ ജീവിക്കുന്ന ഉത്തരവാദിത്തമുള്ള ഇന്ത്യന്‍ പൗരനായിരിക്കേണ്ടതിന്റെ പ്രാധാന്യം ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്റ് ഡോ. അഷ്‌റഫ് അലി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതിച്ഛായ ഒരിക്കലും കളങ്കപ്പെടുത്തരുത്. ഇന്ത്യയെ നന്നായി പ്രതിനിധീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

എല്ലാ മതങ്ങളും വിശ്വാസങ്ങളെ മാനിച്ചു സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഇസ്ലാമിക പണ്ഡിതനായ ഷെയ്ഖ് റഹ്മാനി പറഞ്ഞു. എല്ലാ മനുഷ്യരോടുമുള്ള ആദരവാണ് ഇസ്‌ലാമിന്റെ കാതലായ ആശയം. മതനിരപേക്ഷവും മതപരവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിന് സ്ത്രീകള്‍ക്ക് കൂടുതല്‍ വിപുലമായ വിദ്യാഭ്യാസം നല്‍കണം. ഐഐടികള്‍ പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിന്റെ പാതയാണ് ഓരോ മുസ്ലീമും പിന്തുടരേണ്ടത്. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മുസ്‌ലിംകളെ ക്ഷമയും വിവേകവും പഠിപ്പിക്കേണ്ടത് പള്ളി ഇമാമുമാരുടെ ഉത്തരവാദിത്തമാണ്. വിഷയങ്ങളില്‍ വ്യക്തതയില്ലാതെ ചില സെലിബ്രിറ്റികളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 15 ശതമാനം മുസ്ലീം ജനസംഖ്യയെ സമന്വയിപ്പിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. ഇന്ത്യയില്‍ മുസ്ലീം പുരോഗതിയെ പിന്തുണയ്ക്കുന്ന ഗണ്യമായ ഹിന്ദു ജനസംഖ്യയുണ്ട്. യുപിഎസ്‌സി പരീക്ഷ എഴുതുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ആരും വിലക്കിയിട്ടില്ലെന്ന് സംമ്മേളനത്തെ അഭിസംബോദന ചെയ്ത സഫര്‍ സരേഷ്‌വാല പറഞ്ഞു.

പത്രപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. വനിതാ മാധ്യമപ്രവര്‍ത്തക ഷഹ്‌സീന്‍ ഇറാം, നയീം അബ്ദുള്‍ ഖയ്യൂം എന്നിവര്‍ പാനല്‍ ചര്‍ച്ച നിയന്ത്രിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top