റിയാദ്: വിദേശ രാജ്യങ്ങളുടെ കൂടുതല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുളളവരെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയില്‍ വിദേശ രാജ്യങ്ങളുടെ 1942 ഇന്റര്‍നാഷണല്‍ സ്‌കൂളുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് 2.75 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം പ്രവിശ്യകളിലാണ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലേറെയും പ്രവര്‍ത്തിക്കുന്നത്. 20,644 അധ്യാപകര്‍ ഉള്‍പ്പെടെ ഇവിടങ്ങളില്‍ 23507 പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി പ്രകാരം വിദേശ രാജ്യങ്ങളുടെ കൂടുതല്‍ വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കും. ഇതിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയത്തയം അറിയിച്ചു.
അതേസമയം, സി ബി എസ് ഇ അംഗീകാരമുളള 41 ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളാണ് സൗദിയില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യവും കൂടുതലാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.