റിയാദ്: കേരളത്തില്‍ നവംബര്‍ 13ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് കേളി കാലാസംസ്‌കാരിക വേദി റിയാദില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളായ സത്യന്‍ മൊകേരി, ഡോ. സരിന്‍, യുആര്‍ പ്രദീപ് എന്നിവര്‍ വീഡിയോ കോളിലൂടെ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു.
കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ വേളയില്‍ റോബര്‍ട്ട് വദേര പങ്കെടുത്തതിലൂടെ എന്ത് സന്ദേശമാണ് യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്നത് എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ കൂട്ടായ് ആവശ്യപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ഇലക്ടറല്‍ ബോണ്ടിന്റെ വദേര നയിക്കുന്ന യുഡിഎഫ് ആരുടെ താല്‍പര്യമാകും സംരക്ഷിക്കുക എന്നും അദ്ദേഹം ചോദിച്ചു.
വന്‍ ദുരന്തം നടന്ന വയനാടിന് വേണ്ടി മൂന്ന് മാസം പിന്നിടുമ്പോഴും ഒരുവിധ സഹായവും നല്‍കാത്ത കേന്ദ്രസര്‍ക്കാരിന് എതിരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെയുള്ള പ്രചരങ്ങള്‍ നടത്തുന്നതില്‍ യുഡിഎഫ് ശ്രദ്ധകാണിക്കുന്നു. മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ സൗന്ദര്യത്തെ അതിശയോക്തിയോടെ പൊലിപ്പിച്ചു കാണിക്കുന്നതിലാണ് ശ്രദ്ധ. വര്‍ഗീയതയും കേരളത്തിനെതിരായ പ്രചാരണവും ഒരു വശത്ത് നടക്കുമ്പോള്‍ മനുഷ്യപക്ഷത്ത് നിന്ന് സംസാരിക്കാന്‍ ഇടതുപക്ഷം മാത്രമേ ഉള്ളൂ. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുകയും വിവാദങ്ങള്‍ക്ക് മാത്രം പ്രാധ്യാന്യം നല്‍കി ജനശ്രദ്ധ തിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തവര്‍ അഭിപ്രായപെട്ടു.
കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, ചന്ദ്രന്‍ തെരുവത്ത്, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, ഫിറോഷ് തയ്യില്‍ എന്നിവര്‍ സംസാരിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.