
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി റൗദ ഏരിയാ ഒന്‍പതാമത് സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഏരിയാ ജീവകാരുണ്യ കണ്‍വീനര്‍ ഷാജി കെ.കെ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര പരിപാടി ഉദ്ഘാടനം ചെയ്തു. കേളിപന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയാ സമ്മേളനം.
പ്രവാസജീവിതത്തില്‍ സ്ഥിരമായി നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ചികിത്സാ സൗകര്യങ്ങളുടെ പ്രാപ്യത, അടിയന്തര ആരോഗ്യ പരിചരണത്തിന്റെ അറിവില്ലായ്മ, തൊഴില്‍ സംബന്ധമായി നേരിടുന്ന നിയമ പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, തൊഴില്‍ കരാറുകള്‍, വിസ, ഇന്‍ഷുറന്‍സ്, നിയമാവകാശങ്ങള്‍ എന്നിവയെല്ലാം വലിയ വെല്ലുവിളികളാണ്. ഈ യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ക്ലാസ് സംഘടിപ്പിച്ചത്.

ഹൃദയാരോഗ്യം, രക്തസമ്മര്‍ദ്ദ നിയന്ത്രണം, പ്രമേഹം, ഭക്ഷണശീലങ്ങളുടെ പ്രാധാന്യം, പ്രവാസജീവിതത്തിലെ മാനസിക സമ്മര്‍ദ്ദങ്ങളെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ മൗവസാത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ആരോഗ്യ പ്രവര്‍ത്തകന്‍ അനീഷ് കുമാര്‍ ക്ലാസ് നയിച്ചു. പ്രവാസികളുടെ തൊഴില്‍, വിസ, ഇന്‍ഷുറന്‍സ്, നിയമാവകാശങ്ങള്‍, നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ ഷറഫുദീന്‍ വിശദീകരിച്ചു.

ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ സതീഷ് വളവില്‍, സംഘാടക സമിതി ചെയര്‍മാന്‍ സലിം പി.പി, ഏരിയാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ പ്രഭാകരന്‍ ബേത്തൂര്‍, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി ബിജി തോമസ് സ്വാഗതവും ഏരിയാ സമ്മേളന സംഘാടക സമിതി ആക്റ്റിംഗ് കണ്‍വീനര്‍ മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





