Sauditimesonline

MAKKAH RAIN
മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

പ്രവാസ ഓര്‍മകള്‍ പങ്കുവെച്ച് കേളി കുടുംബസംഗമം

മലപ്പുറം: പ്രവാസത്തിന്റെ നന്മ നിറഞ്ഞ ഓര്‍മകള്‍ പങ്കുവെച്ച് പ്രഥമ സംസ്ഥാനതല കേളി കുടുംബ സംഗമം നിലമ്പൂരില്‍ സമാപിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളി കലാ സാംസ്‌കാരിക വേദിയില്‍ പ്രവര്‍ത്തിച്ച് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് നിലമ്പൂരില്‍ ഒത്തുചേര്‍ന്നത്.

അകമ്പാടം ഏദന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രവാസികളെ ഇത്ര അധികം ഹൃദയത്തോട് ചേര്‍ത്ത മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും പ്രവാസികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന നിരവധി ആനുകൂല്യങ്ങള്‍ അതിനു തെളിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ മുഖ്യാതിഥിയായിരുന്നു. നാടിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് എം എല്‍ എ പറഞ്ഞു.

കേളി അംഗമായിരിക്കെ മരണപ്പെട്ടവര്‍ക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി മരണപ്പെട്ട അംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഗോപിനാഥന്‍ വേങ്ങര അധ്യക്ഷത വഹിച്ചു. കേളി മുന്‍ സെക്രട്ടറിയും കുടുംബ സംഗമ സംഘാടക സമിതി കണ്‍വീനറുമായ ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇ പത്മാക്ഷന്‍, കേളി മുന്‍ രക്ഷാധികാരി സമിതി അംഗവും സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ ബിഎം റസാഖ്, റിയാദ് കേളി രക്ഷാധികാരി സമിതി കണ്‍വീനറും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ്, നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, പ്രവാസി സംഘം മലപ്പുറം ജില്ലാ സെക്രട്ടറിയും ജിദ്ദ നവോദയ മുന്‍ രക്ഷാധികാരിയുമായ വികെ റൗഫ്, പ്രശസ്ത കലാകാരി നിലമ്പൂര്‍ ആയിഷ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. കേളി മുന്‍ രക്ഷാധികാരി സമിതി അംഗങ്ങളും ഭാരവാഹികളുമായിരുന്ന പി വല്‍സന്‍, എം നസീര്‍, ദസ്തക്കീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേളി രൂപീകൃതമായ കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലം ബി എം റസാഖ് സദസ്സിനെ ഓര്‍മ്മപ്പെടുത്തി.

കേളി കുടുംബാഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ കുടുംബ സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. ‘നിലമ്പൂര്‍ നടനം നൃത്താലയം’ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, നിസ്സാര്‍ മമ്പാടും സംഘവും അവതരിപ്പിച്ച ഗാനമേള എന്നീ പരിപാടികളും വേദിയില്‍ അവതരിപ്പിച്ചു. കേളി മുന്‍ സെക്രട്ടറി റഷീദ് മേലേതില്‍ ചടങ്ങിന് നന്ദി പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top