കാല്‍പ്പന്ത് മാമാങ്കത്തിന് കേളികൊട്ട്; ഒക്‌ടോ 27ന് പന്തുരുളും

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ‘കുദു കേളി’ പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 27ന് ആരംഭിക്കും. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന മത്സരം വെളളിയാഴ്ചകളില്‍ വൈകിട്ട് 5.30നും 7.30നും രണ്ടു കളികള്‍ വീതം നടക്കും. സുലൈ അല്‍ മുത്തവ പാര്‍ക്ക് ഗ്രൗണ്ടിലാണ് മത്സരം.

സൗദി കായിക മന്ത്രാലയത്തിന്റെ അമേച്വര്‍ ഫുട്‌ബോള്‍ ലീഗിന്റെ അനുമതിയോടെയാണു ടൂര്‍ണ്ണമെന്റ്. സൗദി റഫറി പാനലിലെ അലി അല്‍ ഖഹ്താനിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘം മത്സരം നിയന്ത്രിക്കും. ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഇലവന്‍സ് കളികള്‍ പൂര്‍ണ്ണമായും ക്യാമറ നിരീക്ഷണത്തിലായിരിക്കും. ആംബുലന്‍സ് ഉള്‍പ്പെടെയുളള മെഡിക്കല്‍സംവിധാനങ്ങള്‍ സഫാ മക്ക സജ്ജമാക്കും.

മികച്ച കളിക്കാരനും ഗോള്‍കീപ്പര്‍ക്കും മികച്ച ഡിഫണ്ടര്‍ക്കും കാഷ് പൈസ് സമ്മാനിക്കും. ഇതിനു പുറമെ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും പ്രൈസ് മണിയും വിതരണം ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ കാണികള്‍ക്കായി പതിമൂന്ന് സ്‌കൂട്ടറുകളും നൂറ്റിനാല് ഗ്രാം സ്വര്‍ണ്ണവും ഉള്‍പ്പടെ ആകര്‍ഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ എട്ടു മുന്‍നിര ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി മാറ്റുരക്കുന്ന മത്സരം ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിലാണ് നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സാവിയോ കാര്‍ഡോസോ (കുദു ഓപ്പറേഷന്‍ ഡയറക്ടര്‍), പവിത്രന്‍ (കുദു റിയാദ് ഏരിയ മാനേജര്‍), ഗീവര്‍ഗീസ് ഇടിച്ചാണ്ടി (രക്ഷാധികാരിആക്ടിങ് സെക്രട്ടറി), സുരേഷ് കണ്ണപുരം (കേളി സെക്രട്ടറി), സെബിന്‍ ഇഖ്ബാല്‍ (പ്രസിഡന്റ്), ജോസഫ് ഷാജി (ട്രഷറര്‍),
ഷമീര്‍ കുന്നുമ്മല്‍ (ടൂര്‍ണമെന്റ് ചെയര്‍മാന്‍), നസീര്‍ മുള്ളൂര്‍ക്കര (കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply