തിരുവനന്തപുരം: കേളി കലാ സാംസ്‌കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹയത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ മുഖ്യമന്തിക്ക് കൈമാറി. വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇല്ലാതായ ഗ്രാമങ്ങളെ പുനഃര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലേക്കാണ് സഹായം. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി മുന്‍ സെക്രട്ടറി കെആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി മുന്‍ അംഗം സതീഷ് കുമാര്‍, കേളി പ്രവര്‍ത്തകനായിരുന്ന അനില്‍ കേശവപുരം എന്നിവര്‍ ചേര്‍ന്ന് ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറി.
ദുരന്തത്തില്‍ സമാനതകളില്ലാത്ത നാശനഷ്ടമാണ് കേരളത്തിന് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മുതല്‍ 28 ദിവസത്തിനകം നടത്തിയ താല്‍ക്കാലിക പുനഃരധിവാസം വരെ ഒരു പരാതിക്കും ഇട നല്‍കാത്ത തരത്തിലുള്ള കൃത്യമായ ഏകോപനവും നമുക്ക് കാണാന്‍ സാധിച്ചു.
ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ പ്രവാസ ലോകത്തുനിനുള്ള ആദ്യ സഹായമായി കേളി കലാസാംസ്‌കാരിക വേദി ആദ്യ ഗഡു വായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് കേളിയുടെയും കേളി കുടുംബവേദിയുടെയും മുഴുവന്‍ പ്രവര്‍ത്തകരെയും പുനഃരധിവാസ പദ്ധതിയില്‍ പങ്കാളികളാക്കികൊണ്ട് ഒരു കോടി രൂപനല്‍കുമെന്നും പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാം ഗഡുവായാണ് 40 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതോടെ 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാന നല്‍കി.
കേളി അംഗങ്ങള്‍ക്ക് പുറമെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ വിവിധ രാജ്യക്കാരായ പ്രവാസികളും കേളിയോടൊപ്പം കൈകോര്‍ത്തു. കൊച്ചു കുട്ടികള്‍ കമ്മലും, സമ്പാദ്യ കുടുക്കകളും പദ്ധതിയിലേക്ക് നല്‍കി. കേളി പ്രഖ്യാപിച്ച ഒരു കോടി രൂപ താമസിയാതെ മൂന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുമെന്ന് രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.