Sauditimesonline

3 SAHITHEEYAM
നീര്‍മാതളം പൂത്ത ഓര്‍മകളും 'ബിഗ് ബ്രദറി'ന്റെ നിഴലുകളും

മദീനയിലേക്ക് നേരിട്ട് പറക്കാന്‍ കേരളം കാത്തിരിക്കുന്നു; ആവശ്യവുമായി എസ്‌ഐസി

മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: കേരളത്തില്‍ നിന്ന് പുണ്യ നഗരിയായ മദീനയിലെക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് മലയാളി തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം നടത്തുന്നുണ്ട്. ഹജ്ജ് സീസണില്‍ ഒഴികെ കേരളത്തില്‍ നിന്നു മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. ഇതു മറ്റു സമയങ്ങളില്‍ മദീന സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ യാത്ര ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇതു പരിഹരിക്കാന്‍ കേരളത്തെ മദീന നഗരുവുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസ് ആരംഭിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ആവശ്യപ്പെട്ടു.

നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ കേരളത്തില്‍ നിന്ന് പ്രവാചക നഗരിയായ മദീനയിലെത്താന്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തുന്ന ഫ്‌ളൈ നാസില്‍ റിയാദില്‍ എത്തി അവിടെ നിന്ന് മദീന വിമാനത്തില്‍ എത്തണം. അല്ലെങ്കില്‍ ജിദ്ദ-കൊച്ചി സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സില്‍ ജിദ്ദയില്‍ പോയി അവിടെ നിന്നും മദീനയിലേക്ക് സഞ്ചരിക്കണം. ഇത് പ്രായമായവര്‍ക്കും കുടുബ സമേതം പോകുന്ന തീര്‍ത്ഥാടകര്‍ക്കും ഒരുപാട് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ നിന്നു മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഉണ്ടെങ്കില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും. സൗദി എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്നും ഫ്‌ളൈ നാസ് കോഴിക്കോട് നിന്നും ആഴ്ചയില്‍ ഒരു ദിവസം മദീന സര്‍വീസ് നടത്തണമെന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം.

കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും ആയിരങ്ങള്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോകുന്നുണ്ട്. ഇവരില്‍ അധികവും ജിദ്ദ വഴിയാണ് മക്കയിലേക്കും പിന്നീട് മദീനയിലേക്കും പോകുന്നത്. ഇക്കാരണത്താല്‍ കേരളത്തില്‍ നിന്നു ജിദ്ദയിലേക്ക് ടിക്കറ്റ് നിരക്ക് പൊതുവെ കൂടുതലാണ്. ഇത് ജിദ്ദയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്. കേരളത്തില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിച്ചാല്‍ ജിദ്ദയിലേക്കുള്ള തിരക്ക് കുറയ്ക്കാനും അതു വഴി ടിക്കറ്റ് നിരക്ക് കുറയാനും ഇടയാകും. ജിദ്ദയുള്‍പ്പെടെ സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമായി മാറുകയും ചെയ്യും.

പുണ്യ മാസമായ റമദാന്‍ ആഗതമാവുകയാണ്. അതോടൊപ്പം കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലവും അടുത്ത മാസം തുടങ്ങും. കേരളത്തില്‍ നിന്നു ഉംറയും മദീന സന്ദര്‍ശനവും ഉദ്ദേശിച്ച് മക്ക, മദീന ഹറമുകളിലെത്താന്‍ നിരവധി കുടുംബങ്ങളാണ് തയ്യാറെടുക്കുന്നത്. കേരളത്തില്‍ നിന്നു മദീനയില്‍ നേരിട്ട് എത്തുക എന്നത് മലയാളി തീര്‍ത്ഥാടകരുടെ വലിയ ആഗ്രഹമാണ്. അതുകൊണ്ടുതന്നെ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണം. ഇതിനായി കേരള ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top