റിയാദ്: ചികിത്സയില്‍ കഴിയുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വെര്‍ച്വല്‍ കാബിനറ്റ് മീറ്റിംഗില്‍ അധ്യക്ഷത വഹിച്ചു. പിത്താശയ വീക്കത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് രാജാവിനെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫീസിലിരുന്നാണ് പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചത്. ഇിന്റെ ദൃശ്യങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി വിര്‍ച്വല്‍ മന്ത്രിസഭാ യോഗമാണ് സൗദിയില്‍ നടക്കുന്നത്. ഹജ് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ഒരുക്കങ്ങള്‍ മന്ത്രി സഭാ യോഗം വിശകലനം ചെയ്തു. കൊവിഡ് വൈറസ് വ്യാപനം രാജ്യത്ത് കുറഞ്ഞു വരുകയാണ്. ആരോഗ്യ മന്ത്രാലയവും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും കൊവിഡിനെതിരെ സ്വീകരിച്ച നടപടികളും യോഗം വിലയിരുത്തി.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി കരാര്‍ ഒപ്പുവെക്കുന്നതിനുളള നടപടിക്രമങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ പൂര്‍ത്തിയാക്കുന്നതിന് മന്ത്രിമാരെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.