ദമാം: റിയാദില്‍ സമാപിച്ച എന്‍ഞ്ചിനീയര്‍ സി ഹാശിം മെമ്മോറിയല്‍ സൗദി നാഷണല്‍ കെ.എം.സി.സി ടൂര്‍ണമെന്റില്‍ കിരീടം നേടിയ ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഉജ്ജ്വല സ്വീകരണം നല്‍കി. വിവിധ പ്രവിശ്യകളിലായി സംഘടിപ്പിച്ച കെഎംസിസി നാഷണല്‍ കമ്മിറ്റിക്ക് കീഴിലുള്ള ടൂര്‍ണ്ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ജിദ്ദയിലെ സബീന്‍ എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബദര്‍ എഫ് സി കിരീടം ചൂടിയത്.
ദമാമില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഡിഫ രക്ഷാധികാരി വില്‍ഫ്രഡ് ആന്ഡൂസ് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയുടെ കാല്‍പന്ത് കളിയുടെ പേരും പെരുമയുമാണ് കിരീട നേട്ടത്തിലൂടെ ബദര്‍ എഫ് സിക്കും ദമാമിലെ കാല്‍പന്ത് പ്രേമികള്‍ക്കും ലഭിച്ചിരിക്കുന്നതെന്ന് സ്വീകരണം പരിപാടി അഭിപ്രായപ്പെട്ടു. പ്രവാസി കാല്‍പന്ത് മൈതാനത്ത് നാലു പതിറ്റാണ്ടിന്റെ മികവാര്‍ന്ന ഇന്നലകള്‍ രചിച്ച ദമാമിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കെ.എം.സി.സി സൗദി നാഷണല്‍ കിരീടം ചരിത്ര നേട്ടമാണെന്നും പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നവര്‍ പറഞ്ഞു.
മികച്ച പ്രകടനം കാഴ്ച്ച വെച്ച് സെമി വരെ പൊരുതി കളിച്ച ദമാം ഖാലിദിയ എസ്.സിയേയും പരിപാടിയില്‍ അഭിനന്ദിച്ചു. മുജീബ് കളത്തില്‍, സകീര്‍ വള്ളക്കടവ്, സഹീര്‍ മജ്ദാല്‍, ലിയാക്കത്ത് കരങ്ങാടന്‍, റസാക് ഓമാനൂര്‍, ജൗഹര്‍ കുനിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബദര്‍ എഫ് സിക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞ മുഴുവന്‍ ടീമംങ്ങള്‍ക്കും ക്ലബ് മാനേജ്‌മെന്റിനും വേദിയില്‍ വെച്ച് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ദമാമിലെ പ്രവാസി കാല്‍ പന്ത് പ്രേമികളും ഡിഫയും നല്‍കിയ സഹകരണത്തിനും ബദര്‍ ക്ലബ് മാനേജ്‌മെന്റിന് വേണ്ടി മുജീബ് പാറമ്മല്‍ നന്ദി പറഞ്ഞു.
സമാപനം കുറിച്ച ഡിഫ സൂപ്പര്‍ കപ്പിന്റെ അവലോകനത്തിന് റഫീക് കൂട്ടിലങ്ങാടി നേത്യത്വം നല്‍കി. ഡിഫ ഭാരവാഹികളായ ആശി നെല്ലിക്കുന്ന്, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയില്‍, ഫസല്‍ ജിഫ്രി, ടെക്‌നിക്കല്‍ കമ്മറ്റിയംഗങ്ങളായ ഫവാസ് കലിക്കറ്റ്, അന്‍ഷാദ് തൃശൂര്‍ , നസീബ് വാഴക്കാട് എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി. ജന: സെക്രട്ടറി റഷീദ് മാളിയേക്കല്‍ സാഗതവും ട്രഷറര്‍ ജുനൈദ് നിലേശ്വരം നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.