നേതൃത്വം സത്യസന്ധമാണ്; ചോദ്യം ചെയ്യപ്പെടും

മദീന: നേതൃത്വം സത്യസന്ധമാണെന്നും (അമാനത്ത്) ഉത്തരവാദിത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും മുസ്ലിംലീഗ് നേതാവ് ടി എ അഹമ്മദ് കബീര്‍. നേതൃത്വം ഏറ്റെടുക്കുന്നവര്‍ക്ക് എക്കാര്യങ്ങള്‍ ബോധ്യമുണ്ടാകണമെന്നും സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ദ്വിദിന ലീഡേഴ്‌സ് മീറ്റ് ‘മാറ്റം 2024’ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ആരോടും പകയോ വിദ്വേഷമോ കാണിക്കാതെ ആക്ഷേപ സ്വരങ്ങളില്ലാതെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് ഒരുമയോടെ മുന്നേറാനാണ് നേതൃത്വത്തിലിരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടത്. വൈകാരികതക്കപ്പുറം വിവേകപൂര്‍വമായ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളാണാവശ്യമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളത്തില്‍ ഇന്ന് കാണുന്ന സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മുസ്ലിംലീഗ് പാര്‍ട്ടിയുടെയും നേതാക്കളുടെയും പങ്ക് അവര്‍ണ്ണനീയമാണ്. പല ഘട്ടങ്ങളിലും ബുദ്ധിപരമായ ഇടപടലുകളാണ് സംസ്ഥാനത്ത് ശാന്തിയും സൗഹൃദവും നിലനിര്‍ത്താന്‍ പ്രേരകമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി കെ പി മുഹമ്മദ്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

വിശുദ്ധ ഖുര്‍ആനിന്റെ മഹത്തായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍കൊണ്ടാവണം മുന്നേറ്റം. പ്രവാചക ചര്യയില്‍ നിന്ന് ലോകം വ്യതിചലിച്ചതാണ് ഇന്ന് കാണുന്ന ജീര്‍ണതകള്‍ക്ക് ഹേതു. ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ മക്കളെയും വിദഗ്ദരാക്കി വളര്‍ത്തണമെന്നും കലുഷിതമായ സാഹചര്യങ്ങളില്‍ നിന്ന് മോചനം നേടാന്‍ വിദ്യാസമ്പന്നരായ തലമുറ വളരണമെന്നും വിശുദ്ധ ഖുര്‍ആനില്‍ ഗവേഷണം നടത്താന്‍ നമ്മുടെ മക്കളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ആദ്യ ദിനത്തില്‍ ഉദ്ഘാടന സെഷനില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെഎം അബ്ദുല്‍ മജീദ്, ഖാദര്‍ ചെങ്കള, അഹമ്മദ് പാളയാട്ട്, നാസര്‍ വെളിയംകോട്, മദീന സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ശരീഫ് കാസര്‍ഗോഡ്, എം പി അബ്ദുല്‍ ജലീല്‍, അഷ്‌റഫ് അഴിഞ്ഞിലം നഫ്‌സല്‍ അഞ്ചരക്കണ്ടി എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു. മാസ്റ്റര്‍ മുഹമ്മദ് അമീന്‍ അഴിഞ്ഞിലം ഖിറാഅത്ത് നടത്തി. അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സൈദ് മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply