
റിയാദ്: ലോക കേരള സഭ അഞ്ചാം സമ്മേളനത്തില്‍ റിയാദില്‍ നിന്നു കേളി പ്രതിനിധി സംഘത്തെ രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് നയിക്കും. രക്ഷാധികാരി സമിതി അംഗവും എന്‍ആര്‍കെ കണ്‍വീനറുമായ സുരേന്ദ്രന്‍ കൂട്ടായ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര എന്നിവരാണ് കേളി പ്രതിനിധികള്‍.

ലോക കേരളസഭയില്‍ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തവും അഭിമാനവുമാണെന്ന് സാദിഖ് പറഞ്ഞു. പ്രവാസത്തിന്റെ അധ്വാനവും ത്യാഗവും കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിയില്‍ വഹിച്ച പങ്കും ലോക കേരളസഭയുടെ വേദിയില്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ലക്ഷ്യം. പ്രവാസി മലയാളികള്‍ നേരിടുന്ന തൊഴില്‍, നിയമ, സാമൂഹിക സുരക്ഷാ വിഷയങ്ങള്‍ക്കുള്ള നയപരമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വേദിയില്‍ ഉന്നയിക്കും.

പ്രത്യേകിച്ച് തൊഴിലവകാശ സംരക്ഷണം, സാമൂഹ്യ സുരക്ഷ, മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പുനരധിവാസം, തൊഴില്‍ അവസരങ്ങള്‍, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പിന്തുണ എന്നിവ കൂടുതല്‍ ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോക കേരളസഭയിലൂടെ പ്രവാസി സമൂഹത്തിന്റെ ശബ്ദം കൂടുതല്‍ ശക്തമായി കേരള സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. ജനകീയ വികസനത്തിന്റെ കേരള മാതൃക ശക്തിപ്പെടുത്താന്‍ ഒരുമിച്ച് കൈകോര്‍ക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിയുടെയും നൈപുണ്യവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ബന്ധം സംസ്ഥാനത്തിനകത്തും പുറത്തും മലയാളി പ്രവാസി സമൂഹത്തിനിടയില്‍ ഉണ്ടാകണം. ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാണാന്‍ സാദിച്ചതെന്നും സാദിഖ് പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





