റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘ലോക കേരള സഭ പ്രചാരണവും യാഥാര്‍ഥ്യവും’ എന്ന വിഷയത്തില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ് വിശദീകരണം നല്‍കി. വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു.
ലോക കേരള സഭയുടെ രൂപീകരണം മുതല്‍ നാലാമത് സമ്മേളനം വരെയുള്ള സഭയുടെ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷം അടക്കമുള്ള വിവിധ മേഖലയില്‍നിന്ന് സഭയോടുള്ള സമീപനവും കെപിഎം സാദിഖ് വിശദീകരിച്ചു. ഈ സഭ പ്രവാസികളുടെ ആവശ്യമാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരത്തില്‍ സംവിധാനം നിലവില്‍ ഇല്ല. ഗാര്‍ഹിക തൊഴിലാളി മുതല്‍ വന്‍കിട വ്യവസായികള്‍ വരെ സഭയില്‍ അംഗങ്ങളാണ്. ലോക കേരള സഭ എന്നത് ആഗോള പ്രവാസികളുടെ പരിച്ഛേദം തന്നെയാണ്. ആദ്യ സഭയില്‍ 35 രാജ്യങ്ങളെ പ്രതിനിധീകരിച്ചായിരുന്ന അംഗങ്ങളുടെ പങ്കാളിത്തം. രണ്ടാം സഭയില്‍ അത് 42 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മൂന്നാം സഭയായപ്പോഴേക്കും 68 രാജ്യങ്ങളിലെ പ്രതിനിധികള്‍ സഭയില്‍ അംഗങ്ങളായി. നാലാം സഭയിലെ പങ്കാളിത്തം 103 രാജ്യങ്ങളില്‍ നിന്നായിരുന്നു.
കേരളത്തിന്റെ സംസ്‌കാരം ലോകമാകെ പ്രചരിപ്പിക്കുക, കേരളത്തിന്റെ പൊതുവായ വികസനം വിദേശ പങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്നീ ലക്ഷ്യത്തിലേക്ക് നടന്നടുക്കയാണെന്നും സാദിഖ് വിശദീകരിച്ചു. പ്രവാസികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സമൂഹത്തിനും പ്രവാസികള്‍ക്കും നല്‍കുന്ന ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ലോക കേരള സഭയില്‍ പ്രവാസി സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം. ഇത്തരം പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍, അവര്‍ക്ക് കിട്ടുന്ന അംഗീകാരം, അനുഭവങ്ങള്‍ എന്നിവ സര്‍ക്കാരുമായി പങ്കുവെക്കാന്‍ കിട്ടുന്ന സുപ്രധാന വേദി കൂടിയാണ് സഭ.
കേരളം നേരിട്ട പ്രളയം, കൊറോണ മഹാമാരി എന്നിവയില്‍ പ്രവാസികളുടെ പങ്ക് അവിസ്മരണീയമാണ്. ജിസിസി രാജ്യങ്ങള്‍, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഇന്ത്യക്ക് അകത്തെ പ്രവാസികള്‍, പ്രവാസലോകത്ത് നിന്ന് തിരിച്ചെത്തിയവര്‍ എന്നിങ്ങനെ ഓരോ വിഭാഗത്തില്‍ പെടുന്നവരും വ്യത്യസ്ഥങ്ങളായ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ഇവയെല്ലാം പങ്കുവെക്കാനും പരിഹാര മാര്‍ഗങ്ങള്‍ ആരായാനുമുള്ള വേദി കൂടിയാണ് ലോക കേരള സഭ.
26 ലക്ഷത്തോളം മലയാളികള്‍ പ്രവാസികളായിട്ടുണ്ടെങ്കിലും പ്രവാസി ക്ഷേമനിധിയില്‍ 5.21 ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ പങ്കാളികളായിട്ടുള്ളത്. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി മാത്രമല്ല. പ്രവാസിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ക്ഷേമനിധി അംഗങ്ങള്‍ ഗുണഭോക്താക്കളാണ്. ഇത് പ്രവാസിസമൂഹം അറിയാതെ പോകരുത്. സൗദി ആരോഗ്യ മന്ത്രാലയം പോലുള്ള വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക്, നോര്‍ക്ക റൂട്‌സ് വഴി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്ന് ഇതിനോടകം സഭയുടെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. തിരിച്ചെത്തിയ പ്രവാസികളുടെ പുനഃരധിവാസം സഭ ഗൗരവമായി ചര്‍ച്ച ചെയ്തതു മറ്റൊരു പ്രധാന വിഷയമാണ്. എന്നാല്‍ ലോക കേരളസഭ എന്ന സംവിധാനത്തോട് വ്യത്യസ്തമായ സമീപനമാണ് കേരളത്തിന്റെ പ്രതിപക്ഷം സ്വീകരിക്കുന്നത്.
2018 ജനുവരി 4ന് തുടങ്ങിയ ആദ്യ സഭ മുതല്‍ ലോക കേരള സഭയെ എതിര്‍ക്കുന്ന സപീനമാണ് യുഡിഎഫ് എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. അത് പ്രവാസി വിരുദ്ധ സമീപനം കൊണ്ടാണെന്ന് കരുതുന്നില്ല. മറിച്ച് ഒരു സംവിധാനം കൊണ്ട് വന്നത് ഇടത് സര്‍ക്കാരായതുകൊണ്ടാണ് വുരുദ്ധ സമീപനം സ്വീകരിക്കുന്നത്. എന്നാല്‍ അവരുടെ പ്രവാസി സംഘടനകള്‍ വിവിധ ഘട്ടത്തില്‍ സഭയോട് നല്ലരീതിയില്‍ സഹകരിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സഭയില്‍ അവതരിക്കപ്പെടുകയുംചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ആദ്യ സഭയെ കുറിച്ച് കൃത്യമായ പഠനങ്ങള്‍ നടത്താതെ മാധ്യമങ്ങള്‍ പോലും തെറ്റായ വിവരങ്ങളാണ് സമൂഹത്തിന് നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ നികുതിപ്പണം പ്രവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു എന്ന പ്രചാരണം നടത്താന്‍ പോലും പല മാധ്യമങ്ങളും തയ്യാറായി. എന്നാല്‍ ആദ്യ സഭ കഴിഞ്ഞപ്പോഴാണ് മാധ്യമങ്ങള്‍ക്ക് പോലും സഭയുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആദ്യ സഭയില്‍ പങ്കെടുത്ത പ്രതിപക്ഷത്തിന്റെ പരാതി കസേരയുടെ സ്ഥാനത്തെ ചൊല്ലിയായിരുന്നു. കണ്ണൂരില്‍ പ്രവാസിയുടെ ആത്മഹത്യ മുന്‍ നിര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ രണ്ടാം സഭയുടെ ബഹിഷ്‌കരണം. അവരുടെ പ്രവാസി സംഘടനകളെ രണ്ടാം സഭയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രതിപക്ഷത്തിനായി. എന്നാല്‍ പ്രത്യേകിച്ച് ഒരു കാരണവും പറയാനില്ലാതെ തികച്ചും രാഷ്ട്രീയ തീരുമാനങ്ങളാല്‍ മൂന്നാം സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എന്നാല്‍ അവരുടെ വിദേശ രാജ്യങ്ങളിലെ സംഘടനകള്‍ ബഹിഷ്‌കരണം തള്ളികളഞ്ഞതു സഭയുടെ പ്രവര്‍ത്തനം രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പ്രവാസികളിലേക്കും വ്യാപിച്ചതായി പ്രവാസി സംഘടനകള്‍ തിരിച്ചറിഞ്ഞതായാണ് കാണിക്കുന്നത്.
സര്‍ക്കാര്‍ മാറിയാലും ഈ സംവിധാനം നിലനില്‍ക്കണം എന്നതാണ് പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഒരു സംവിധാനം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കുന്നതാണ് നാലാം സഭ അവസാനിക്കുന്നതോടെ ബോധ്യമാകുന്നതെന്ന് സാദിഖ് വിശദമാക്കി. പരിപാടിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.