Sauditimesonline

SaudiTimes

കൂറ്റന്‍ ’93’ ഒരുക്കി ലുലു-ഏരിയല്‍ ഗിന്നസ് റെക്കാര്‍ഡില്‍

റിയാദ്: കൂറ്റന്‍ ’93’ സൃഷ്ടിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ലുലു-ഏരിയല്‍ ബ്രാന്റുകള്‍. 93-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റും പ്രമുഖ ബ്രാന്റ് ‘ഏരിയല്‍’ നിര്‍മാതാക്കളായ പ്രോക്ടര്‍ ആന്റ് ഗാംബിള്‍ (ഇസ്മായില്‍ അബൂദാവൂദ് ) കമ്പനിയുമായി കൈകോര്‍ത്താണ് കൂറ്റന്‍ ’93’ ശീര്‍ഷകം ഒരുക്കിയത്. നിലവിലെ ലോക റെക്കാര്‍ഡുകളുടെ ഗിന്നസ് പട്ടിക തകര്‍ത്താണ് ലുലുവും ഏരിയലും ഗിന്നസ് നേട്ടം സ്വന്തമാക്കിയത്

പാംപേഴ്‌സ്, ടൈഡ്, ഏരിയര്‍, ഹെര്‍ബല്‍ എസ്സെന്‍സുകള്‍ എന്നിവയുടെ ഉല്‍പാദകരായ പി.ആന്റ് ജി കമ്പനിയുമായി ചേര്‍ന്ന് സൗദിയില്‍ ഇതിനകം 33 ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി വിജയക്കുതിപ്പ് നടത്തുന്ന ലുലു, 16,494 ഏരിയല്‍ ഡിറ്റര്‍ജന്റ് പാക്കറ്റുകളാണ് തൊണ്ണൂറ്റിമൂന്നാം ദേശീയദീനത്തിന്റെ നിറവിനെ പ്രതീകവല്‍ക്കരിച്ചു 93 എന്ന രൂപം ആകര്‍ഷകമായി അടുക്കി വെച്ച് ഗിന്നസ് വിധികര്‍ത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിലവില്‍ ഇത്തരത്തിലുള്ള 12,235 എന്ന മുന്‍ റെക്കാര്‍ഡ് ഭേദിച്ചാണ് പുതിയ നേട്ടം. കാലിഫോര്‍ണിയയിലെ 99 സെന്റ്‌സ് ഒണ്‍ലി സ്‌റ്റോറിന്റെ 2018 ലെ റെക്കോര്‍ഡ് ആണ് തകര്‍ത്തത്, ഏറ്റവും വലിയ പാക്കേജ് പ്രൊഡക്ടുകളുടെ ഡിസ്‌പ്ലേക്കാണ് ലുലുവിനും പി ആന്റ് ജിക്കും ബഹുമതി്.

റിയാദ് അല്‍അവാല്‍ പാര്‍ക് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൗദി സെലിബ്രിറ്റി താരം യൂസുഫ് അല്‍ ജാറ മുഖ്യാതിഥിയായിരുന്നു. ഗിന്നസ് റെക്കാര്‍ഡ് വിധികര്‍ത്താക്കളുടെ സാന്നിധ്യത്തിലായിരുന്നു വ്യത്യസ്തമായ ഡിസ്‌പ്ലേ പ്രദര്‍ശനം. സൗദി ദേശീയ ദിനത്തിനോടും സൗദി വികസനക്കുതിപ്പിനോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് 6,000 ഏരിയല്‍ ഡിറ്റര്‍ജന്റ് പാക്കറ്റുകള്‍ അല്‍ബിര്‍ ചാരിറ്റി മുഖേന നിര്‍ധനര്‍ക്ക് വിതരണം ചെയ്തു. അവശേഷിക്കുന്ന 10,000 പാക്കറ്റുകള്‍ സൗദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് ലുലുവിലെത്തുന്ന ആദ്യഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.

പ്രമുഖ ഇന്‍സ്‌റ്റോലേഷന്‍ ആര്‍ടിസ്റ്റ് ഡാവിഞ്ചി സുരേഷാണ് ഡിസ്‌പ്ലേ മനോഹരമായി സജ്ജീകരിച്ചത്. കേരളത്തിനകത്തും പുറത്തും പ്രസിദ്ധമായ നിരവധി ടൈറ്റില്‍ മാതൃകകള്‍ സൃഷ്ടിച്ച് പേരെടുത്തിട്ടുള്ള ഡാവിഞ്ചി സുരേഷിന്റെ രചനക്ക് ലഭിക്കുന്ന ആദ്യ ലോക റെക്കോര്‍ഡ് കൂടിയാണിത്.

ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. രാജ്യത്തിന്റെ തൊണ്ണൂറ്റിമൂന്നാം ദേശീയ ദിനത്തില്‍ ഇത്തരമൊരു അപൂര്‍വ ബഹുമതിക്ക് ലുലു അര്‍ഹമായതില്‍. ഗിന്നസ് ബഹുമതി ഞങ്ങള്‍ സൗദി അറേബ്യക്ക് സാദരം സമര്‍പ്പിക്കുന്നു. ആധുനിക സൗദിയുടെ നിര്‍മിതിയില്‍ പി.ആന്റ് ജിയുമായി ചേര്‍ന്നുള്ള വിപണനരംഗത്തെ പങ്കാളിത്തം ഞങ്ങളെ അഭിമാനം കൊള്ളിക്കുന്നു. -ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും സൗദിയുടെ പുരോഗതിയില്‍ ലുലുവിന്റെ പങ്കാളിത്തം കൂടുതല്‍ അരക്കിട്ടുറപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദി ദേശീയദിനത്തോടനുബന്ധിച്ചുള്ള വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അത്യധികം ആഹ്ലാദമുണ്ടെന്ന് ടി.വി കൊമേഡിയന്‍ താരം യൂസുഫ് അല്‍ജാറ വ്യക്തമാക്കി. സൗദി ജനതയുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഡിസ്‌പ്ലേയുടെ സംഘാടനത്തിന് ലുലുവിനേയും പി.ആന്റ് ജിയേയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും യൂസുഫ് അല്‍ജാറ പറഞ്ഞു.

അല്‍ബീര്‍ ചാരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഫഹദ് അല്‍ നഷ്വാനും ലുലുവിന്റേയും പി.ആന്റ. ജിയുടേയും സംരംഭത്തെ വാഴ്ത്തി. ലുലു സൗദി ഡയരകക്ടര്‍ ഷഹീം മുഹമ്മദ്. പി.ആന്റ് ജി സൗദി ഗവ. ആന്റ് പോളിസി സീനിയര്‍ ഡയരക്ടര്‍ തുര്‍ക്കി ബിന്‍ മുഹമ്മദ് എന്നിവരാണ് ഡിസ്‌പ്ലേ ഔപചാരികമായി ഉ്ദഘാടനം ചെയ്തത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top