Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ബാഫഖി തങ്ങള്‍ തലമുറകള്‍ക്ക് തണലേകിയ നേതാവ്: എം എ റസാഖ് മാസ്റ്റര്‍

റിയാദ്: മുസ്ലിം സമുദായംപിന്നാക്കവും ദാരിദ്ര്യവും അനുഭവിച്ചിരുന്ന കാലത്ത് അധികാരത്തിന്റെ തണലോ സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും സമുദായത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച വലിയ മനുഷ്യനായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റര്‍. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഡി പാലസ് ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സാമുഹിക മേഖലകളില്‍ മുസ്ലീംലീഗിനേയും മുസ്ലിം സംഘടനകളെയും പരിഗണിക്കാതിരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം സമുദായ നേതൃത്വം കൈയാളിയിരുന്നത്. സംഘര്‍ഷഭരിതവും സങ്കീര്‍ണവുമായ ചുറ്റുപാടുകളെയും പ്രതികൂല സാഹചര്യങ്ങളെയും നിര്‍ഭയത്തോടും സംയമനത്തോടും കൂടി നേരിടാന്‍ അദ്ദേഹത്തിനായി. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലുമെല്ലാം വിവിധ കാലങ്ങളില്‍ സംഘര്‍ഷങ്ങളും കലാപവുമുണ്ടായപ്പോള്‍ ശരിതെറ്റുകള്‍ വേര്‍തിരിക്കുന്നതിനപ്പുറം കലാപം ശമിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കിയ തങ്ങള്‍ അസാമാന്യ ധൈര്യത്തോടെ കലാപ മേഖലയില്‍ കയറിച്ചെന്ന് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

ബഹുസ്വര സമൂഹത്തില്‍ ബഹു പാര്‍ട്ടി ജനാധിപത്യ ഘടനയില്‍ പ്രായോഗിക രാഷ്ട്രീയം എങ്ങനെയായിരിക്കണം എന്ന് പഠിക്കാന്‍ ബാഫഖി തങ്ങള്‍ ഒരു മികച്ച മാതൃകയാണ്. മത, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്ന തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴിലുള്ള വിദ്യാഭ്യാസ ബോര്‍ഡിന് രൂപം നല്‍കുന്നതിലും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്ക് കോളേജ് സ്ഥാപിക്കുന്നതിലും നേത്യപരമായ പങ്ക് വഹിച്ചു. തിരൂരങ്ങാടി മുസ്ലീം യത്തീംഖാനയുടെ പള്ളിക്ക് തറക്കല്ലിട്ട ബാഫഖി തങ്ങള്‍ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നാണ്. കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ബാഫഖി തങ്ങളെ നിര്‍ദ്ദേശിച്ചത് പണ്ഡിതനായ കെ.എം. മൗലവിയായിരുന്നു.

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുഹൈല്‍ അമ്പലങ്കണ്ടി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. ടി ഇസ്മായില്‍, ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി, സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, ചെയര്‍മാന്‍ യു പി മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന്‍ ഫറോക്ക്, നജീബ് നെല്ലാംകണ്ടി, ഷമീര്‍ പറമ്പത്ത്, നാസര്‍ മാങ്കാവ് പ്രസംഗിച്ചു.

കോഴിക്കോട് ആസ്ഥാനമായി വരുന്ന ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്ററിന്റെ ബ്രോഷര്‍ സിറ്റി ഫഌവര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി. എം. അഹമ്മദ്‌കോയ സാഹിബിന് നല്‍കി എം. എ റസാഖ് മാസ്റ്റര്‍ പ്രകാശനം ചെയ്തു.

ജില്ലാ ഭാരവാഹികളായ റഷീദ് പടിയങ്ങല്‍, കുഞ്ഞോയി കോടമ്പുഴ, ഷൌക്കത്ത് പന്നിയങ്കര, മുഹമ്മദ് പേരാമ്പ്ര, ലത്തീഫ് മടവൂര്‍, അബ്ദുല്‍ കാദര്‍ കാരന്തൂര്‍, ഗഫൂര്‍ എസ്‌റ്റേറ്റ്മുക്ക്, പ്രമോദ് മലയമ്മ, നാസര്‍ കൊടിയത്തൂര്‍, സൈതു മീഞ്ചന്ത, മുജീബ് മൂത്താട്ട്, മനാഫ് മണ്ണൂര്‍,ബഷീര്‍ കൊളത്തൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മടം സ്വാഗതവും, ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top