റിയാദ്: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുളള മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്ത ഭാരവാഹികളെയും പ്രവര്‍ത്തക സമിതിയെയും ജനറല്‍ കൗണ്‍സിലിനെയും അംഗീകരിച്ചു മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട ഉത്തരവ് പുറപ്പെടുവിച്ചു. പ്രദീപ് കൊട്ടിയം (പ്രസിഡന്റ്), ജോമോന്‍ സ്റ്റീഫന്‍ (സെക്രട്ടറി), താഹ കൊല്ലേത്ത് (ചെയര്‍മാന്‍), ഷിബു തിരുവനന്തപുരം (കണ്‍വീനര്‍), മാത്യു തോമസ് നെല്ലുവേലില്‍ (വൈസ് പ്രസിഡന്റ്), ഷാഹിദ ഷാനവാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പുതു തലമുറയിലെ പ്രവാസി മലയാളികളുടെ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുക എന്നതാണ് മലയാളം മിഷന്റെ പ്രാഥമിക ദൗത്യം. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷന്റെ മുദ്രാവാക്യം. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മാതൃ ഭാഷ പഠന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മലയാളി സമൂഹത്തിന്റെ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ഏഴു മേഖല കമ്മിറ്റികള്‍ രൂപീകരിക്കാനും ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.
ഡോ. രമേശ് മൂച്ചിക്കല്‍ (ജിസാന്‍), അനുജ രാജേഷ് (ദമാം), ജുനൈസ് പി.കെ (ജിദ്ദ), ഷഹീബ വി.കെ (റിയാദ്), ഉബൈസ് മുസ്തഫ (തബൂക്), ഷാനവാസ് കളത്തില്‍ (അബഹ), ഉണ്ണികൃഷ്ണന്‍ കെ (അല്‍ ഖസീം) എന്നിവരെ മേഖല കോഓര്‍ഡിനേറ്റര്‍മാരായി തെരെഞ്ഞെടുത്തു. സീബ കൂവോട്, സുനില്‍ സുകുമാരന്‍, റഫീഖ് പത്തനാപുരം, നന്ദിനി മോഹന്‍, രാജേഷ് കറ്റിട്ട എന്നിവരെ സൗദി ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു.
താഹ കൊല്ലേത്ത് ചെയര്‍മാനായി 56 അംഗ സൗദി ചാപ്റ്റര്‍ ജനറല്‍ കൗണ്‍സിലും, ഷാഹിദ ഷാനവാസ് (ചെയര്‍പേഴ്‌സണ്‍), ഡോ.രമേശ് മൂച്ചിക്കല്‍ (വൈസ് ചെയര്‍മാന്‍) എന്നിവരുടെ നേതൃത്വത്തില്‍ ചാപ്റ്റര്‍ അക്കാദമിക് വിദഗ്ധ സമിതിയെയും തെരഞ്ഞെടുത്തു.
പ്രവാസി മലയാളി കുട്ടികള്‍ക്കുള്ള സൗജന്യ മാതൃഭാഷാ പഠനത്തിന്റെ പ്രാഥമിക കോഴ്‌സായ കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് ഇപ്പോള്‍ സൗദിയിലെ വിവിധ മേഖലകളില്‍ നടത്തിവരുന്നത്. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്നതിനായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും മുഴുവന്‍ പ്രവാസി സംഘടനകളുടെയും പങ്കാളിത്തത്തോടെ മേഖലാ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും വിപുലമായ സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
മലയാളം മിഷന്റെ ഭാഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ താല്‍പര്യമുള്ള പ്രവാസികളും സംഘടനകളും 0500942167, 0509244982, 0508716292 എന്നീ നമ്പറുകളിലോ mmissionksa@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.