നാസർ മദനി

ഇന്നലെ രാത്രി സഹോദരൻ അബ്ദുൽ റസാഖ് ആണ് ആ ചെറുപ്പക്കാരനെ ഓഫീസിൽ കൂട്ടി കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോകാൻ ദമ്മാം എയർപോർട്ടിൽ എത്തിയപ്പോൾ ഫിംഗർ എടുക്കുന്ന സമയം സിസ്റ്റത്തിൽ രാജ്യം വിടാൻ അനുവദിക്കരുത് എന്ന മെസ്സജ് കണ്ടപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരിച്ചു പോകാൻ പറഞ്ഞു. തടസ്സം നീക്കി വരാൻ ആവശ്യപ്പെട്ടു, യാത്ര മുടങ്ങി അയാൾക്ക് തിരിച്ചുപോരേണ്ടി വന്നു. 14 വർഷം മുമ്പുള്ള ഒരു കേസിലേക്ക് സൂചന കിട്ടി. അതിനു ശേഷം പഴയ വിസയിൽ നിന്നും എക്സിറ്റിൽ പോയി പുതിയ വിസയിൽ എത്തി പുതിയ ഇഖാമയിൽ ജോലി നോക്കി നാല് തവണ തടസ്സമൊന്നുമില്ലാതെ നാട്ടിൽ പോയി വന്നു.
ഉമ്മക്ക് സുഖമില്ലാതെ ഇത്തവണ നാട്ടിലേക്ക് പോകാൻ എത്തിയപ്പോഴാണ് യാത്രയ്ക്കു തടസ്സം നേരിട്ടത്. കാര്യങ്ങൾ അബ്ദുൽ റസാഖ് ഫോൺ ചെയ്ത് പറഞ്ഞിരുന്നു. അതനുസരിച്ചു കേസ് കൊടുത്തിട്ടുള്ള ബാങ്കിൽ പോയി അക്കൗണ്ട് വിവരങ്ങളുടെ പകർപ്പ് എടുക്കാൻ പറഞ്ഞു. ആ രേഖകളുമായിട്ടാണ് അബ്ദുൽ റസാഖും അക്ബറും ഓഫീസിൽ എത്തിയത്. എന്താണ് കേസെന്നോ എന്തിനാണ് തന്റെ യാത്ര മുടങ്ങിയതെന്നോ ഒന്നും ആ സഹോദരനറിയില്ല. ചോദിച്ചു വന്നപ്പോൾ ഓർമ്മകളിൽ നിന്നും പുറത്തുവന്നത് 14 കൊല്ലം മുമ്പ് വീട്ടു ഡ്രൈവർ വിസയിൽ ആദ്യമായി ഇവിടെ എത്തിയപ്പോൾ ഒന്നും അറിയാത്ത ആ നാളുകളിൽ സ്‌പോൺസറുടെ മകൻ തന്നെ ഒരു ബാങ്കിൽ കൂട്ടിക്കൊണ്ടു പോയി. ചില പേപ്പറുകളിൽ ഒപ്പിടാൻ പറഞ്ഞു അതെല്ലാം ഇട്ടു കൊടുത്തു. വീട്ടു ഡ്രൈവറല്ലേ പുതിയ വണ്ടി എടുക്കാനാകും എന്നാണു പറഞ്ഞു കേട്ടത്. ഒപ്പെല്ലാം ഇട്ടു കൊടുത്തു ആൾ തിരിച്ചു ജോലി ചെയ്യുന്ന കടയിലേക്ക് വന്നു. മറ്റൊന്നും അറിഞ്ഞു കൂടാ. പിന്നെ എന്ത് സംഭവിച്ചു എന്നും അറിയില്ല. അതിനെക്കുറിച്ചു പിന്നീട് ഒരു വിവരവും ഉണ്ടായില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അതെല്ലാം സ്‌പോൺസറുടെ മകൻ ആയിക്കൊള്ളും എന്ന സമാധാനവും. പിന്നീട് ആ വിസയിൽ നിന്നും എക്സിറ്റ് അടിച്ചു പോയി. മറ്റൊരു വിസയിൽ വീണ്ടും അൽ അഹ്സയിൽ തന്നെ വന്നു. പലതവണ അവധിക്ക് പോയി മടങ്ങി വന്നു. ഒരു തടസ്സവും ഉണ്ടായില്ല.

ഇപ്പോൾ എന്ത് സംഭവിച്ചു? സംഭവിച്ചത് മറ്റൊന്നുമല്ല. അക്ബർ ഇപ്പോൾ ബാങ്കിലേക്ക് 46,016 റിയാൽ അടക്കണം. ഇല്ലെങ്കിൽ രാജ്യം വിടാൻ കഴിയില്ല. അക്ബർ ആകെ പരിഭ്രാന്തിയിലാണ്. എങ്ങനെ ഇത് സംഭവിച്ചു? അന്ന് ഒപ്പിട്ട രേഖകൾ ഓരോന്നായി പരിശോധിച്ചപ്പോൾ അക്ബറിന്റെ പേരിൽ കൃത്രിമ രേഖയുണ്ടാക്കി ബാങ്കിൽ നിന്നും 51,576.90 റിയാൽ ലോൺ എടുത്തിട്ടുണ്ട്. വീട്ടു ഡ്രൈവർ ആയിരുന്ന അക്ബറിനെ കാർപെന്റിങ് ടെക്‌നീഷ്യൻ എന്ന പ്രൊഫഷൻ കാണിച്ചു 3,800 റിയാൽ ശമ്പളം കാണിച്ചു ഒരു കോൺട്രാക്ടിങ് കമ്പനിയുടെ ലെറ്റർ പേഡിൽ കൃതിമ വർക്ക് എഗ്രിമെന്റ് ഉണ്ടാക്കി ബാങ്കിന് കൊടുത്തു അതിലൂടെ മേൽപ്പറഞ്ഞ സംഖ്യ 52 എയർകണ്ടീഷൻ വാങ്ങാനെന്ന പേരിൽ ലോൺ എടുത്തിരിക്കുന്നു. ആവശ്യമായ എല്ലാ സ്ഥലത്തും അക്ബർ ഒപ്പുവെച്ചിട്ടുണ്ട്. ആ ഒപ്പുകൾ തന്റേതാണെന്നു അക്ബർ സമ്മതിച്ചു. അതിൽ കുറച്ചു സംഖ്യ പൈസ എടുത്തവർ തന്നെ തിരിച്ചടച്ചിട്ടുണ്ട്. പിന്നെ അടച്ചില്ല. കുടിശ്ശിഖയായി. കൂടാതെ അക്ബർ ബാങ്ക് നൽകിയ Promissory Note ൽ തന്റെ കയ്യൊപ്പ് ഇടുകയും ചെയ്തിട്ടുണ്ട്. ഈ പേപ്പറിൽ 51576.90 റിയാൽ ബാങ്കിന് കൊടുക്കാൻ ഉണ്ടെന്നു ഞാൻ കരാർ ചെയ്യുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പേപ്പറാണ് ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം അക്ബറിനെതിരെ നിയമ നടപടിക്കായി ബാങ്ക് കോടതിയിൽ ഹാജരാക്കിയതും കോടതി ബാങ്കിന് അനുകൂല വിധി പുറപ്പെടുവിക്കുകയും അപ്പീൽ കോടതി അക്ബറിനു യാത്രാ വിലക്കേർപ്പെടുത്തിയതും. ഇതൊന്നും അക്ബർ അറിഞ്ഞിട്ടില്ല. പഴയ വിസയിൽ എക്സിറ്റിൽ പോയി പുതിയ വിസയിൽ പുതിയ ഇഖാമ കൊണ്ട് ജോലി ചെയ്താലും പഴയ ഇഖാമ നമ്പറിൽ ആണ് കേസെങ്കിലും ഫിംഗർ ഒന്നുതന്നെയാണല്ലോ. അങ്ങനെയാണ് അക്ബറിന്റെ യാത്ര മുടങ്ങിയത്. ഇനി പണം അടക്കാതെ നാട്ടിൽ പോകാൻ കഴിയില്ല. ഏതായാലും തുടർന്ന് ചെയ്യേണ്ട നിയമ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇങ്ങനെ ഒപ്പുവെച്ചു കുടുങ്ങിയ നിരവധി കേസുകളുമായി പല മലയാളികളും സമീപിച്ചിട്ടുണ്ട് എന്നതിനാൽ പറയട്ടെ പ്രവാസി സുഹൃത്തുക്കൾ ഏതു സന്ദർഭത്തിലും ഇത്തരത്തിലുള്ള Promissory Note (سند لأمر) ൽ ഒപ്പുവെക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.