
റിയാദ്: ബത്ഹയില്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന മലയാളി യുവാക്കള്‍ കല്ലുമ്മല്‍ കൂട്ടായ്മ രൂപീകരിച്ചു. ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ധങ്ങളും കുടുംബ പ്രാരാബ്ദങ്ങളും ആരോഗ്യപ്രശ്‌നങ്ങളും മറന്ന് എല്ലാ ദിവസവും ഇവര്‍ ഒത്തുകൂടുന്നു. കല്ലില്‍ ഇരുന്ന് സ്വറപറയുന്നതിനാണ് ഇവര്‍ കല്ലുമ്മല്‍ കൂട്ടായ്മ എന്ന് പേരിട്ടത്.

കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും സുലൈ എക്‌സിറ്റ് 18ലെ ജാസാഫോണ്‍ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബാംഗങ്ങള്‍ തയ്യാറാക്കിയ 28ലധികം വിഭവങ്ങളാണ് സദ്യക്ക് ഒരുക്കിയത്. ബാസ്‌ക്കറ്റ്‌ബോള്‍, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ വിനോദ മത്സരങ്ങളും നടന്നു. മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഉമ്മര്‍ മലപ്പുറം, അഷ്‌റഫ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ഏകാന്തത സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിപരസ്പര സഹകരണവും സന്തോഷവും പങ്കിടാനാണ് ഒത്തുകൂടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. സരസ ഭാഷണങ്ങളും ഗൃഹാതുര സ്മരണകളും രാഷ്ട്രീയവും തുടങ്ങി ഭൂമിയ്ക്കു മുകളിലെ സര്‍വ്വതും ചര്‍ച്ചയാകുന്ന രാവുകളാണ് കല്ലില്‍ ഇരുന്നു തകര്‍ക്കുന്നത്. അവധി ദിവസങ്ങളില്‍ വളരെ വൈകിയും ചര്‍ച്ച തുടരും. ഓരോ ദിവസത്തെ ഒത്തുചേരലും പുതിയ കരുത്തും പ്രചോദനവുമാണ് സമ്മാനിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

അബ്ദുറഹ്മാന്‍ തരിശ് അധ്യക്ഷത വഹിച്ചു. ഷഫീഖ് ടജ, ഫൈസല്‍ പാഴൂര്‍ ഓണാശംകള്‍ നേര്‍ന്നു. റഫ്‌സാന്‍ സ്വാഗതവും ആദില്‍ മാട്ട നന്ദിയും പറഞ്ഞു. നവാസ് കണ്ണൂര്‍, ബാവ ഇരുമ്പുഴി, റിനീഷ് കുടു, പ്രജീഷ് വിളയില്‍, വൈശാഖ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങളും അരങ്ങേറി. ചെറിയാപ്പു മലപ്പുറം, സാഹിര്‍, ജസീം, അനീസ് പാഞ്ചോല, ഷബീര്‍ മേല്‍മുറി, മന്‍സൂര്‍ പകര, ജാഫര്‍ ചെറുകര, നൗഷാദ് ഇന്ത്യനൂര്‍, ജാനിസ്, ശൗലിഖ്, എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.