ദോഹ: ഖത്തറിലെ വിവിധ ജയിലുകളില്‍ നൂറിലധികം ഇന്ത്യക്കാര്‍ തടവ് ശിക്ഷ അനുഭവിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍. ഇതില്‍ 12 സ്ത്രീകളും ഉള്‍പ്പെടുമെന്ന് അംബാസഡര്‍ വ്യക്തമാക്കി. എംബസിയും അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫും ചേര്‍ന്ന് ദോഹയില്‍ സംഘടിപ്പിച്ച ബോധവല്‍കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അംബാസിഡര്‍.
അറിവില്ലായ്മ മൂലവും ചതിയില്‍പ്പെട്ടാണ് പലരും അഴിക്കുള്ളിലായത്. അതിവേഗം ധനം സമ്പാദിക്കാനുളള വ്യഗ്രതയും ലഹരിക്കടത്തുകാരായവരും തടവില്‍ കഴിയുന്നവരില്‍ ഉള്‍പ്പെടും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകളും ആയുര്‍വ്വേദ മരുന്നുകളും കൊണ്ടുവരുന്നവരും നിയമ നടപടി നേരിടേണ്ടിവരുന്നുണ്ടെന്നും അംബാസിഡര്‍ പറഞ്ഞു.
അതേസമയം ഖത്തറില്‍ നിരോധനമുള്ള മരുന്നുകളുടെ പട്ടിക ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ ഇതേ കുറിച്ച് ധാരണയുണ്ടാക്കാന്‍ ലക്ഷ്യമാക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാള്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എംബസി അപെക്‌സ് ബോഡി നേതാക്കള്‍, കമ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ വഴി നാട്ടില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സെമിനാറില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.