റിയാദ്: പിവി അന്‍വറിനെ മതരാഷ്ട്രവാദിയെന്നു വിശേഷിപ്പിച്ച അഡ്വ. ജയശങ്കറിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് അന്‍വര്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് ലൈവില്‍ വന്നിരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ വക്കീലോഫീസിലെത്തി മലം നിറച്ച മാലിന്യം തലവഴിയെ ഒഴിക്കും എന്നായിരുന്നു ഭീഷണി. ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബഌക് റിലേഷന്‍സ് മുന്‍ ഡപ്യൂട്ടി ഡയറക്ടറുമായ ഖാദര്‍ പാലാഴി ദല്‍ഹി കേരള ഹൗസില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘ഭീകരവാദി’ ആയതിന്റെ അനുഭവം എഫ്ബിയില്‍ പങ്കുവെച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു മതരാഷ്ട്രവാദി വിളി കേള്‍ക്കുമ്പോഴേക്ക് പി.വി. അന്‍വര്‍ മലവുമായി ഇറങ്ങിയാല്‍ നാളെ ഭീകരവാദി വിളി കേള്‍ക്കുമ്പോള്‍ എന്തുമായാണ് ഇറങ്ങുക. ഇസ്ലാമില്‍ വിശ്വാസമില്ലാത്ത കെ.ഇ.എന്‍ പോലും തീവ്രവാദി, മതമൗലികവാദി വിളി കേട്ടിട്ടുണ്ട്. അതും ഭഡാ ഭഡാ സെക്യൂലര്‍ പുലികളില്‍ നിന്ന്. കെ.ഇ.എന്‍ തന്റെ പേരില്‍ നിന്ന് കുഞ്ഞഹമ്മദ് മായ്ച്ചാലും ജനിച്ച കുടുംബം അവിടെ ബാക്കിയുണ്ട്. അതിനാല്‍ ഇത്തരം വിളികളൊക്കെ നമ്മള്‍ തിന്നും കുടിച്ചും മാത്രം കഴിയുന്നവരല്ല, മറിച്ച് നാട്ടില്‍ എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിക്കുന്നവരാണ് എന്നതിന്റെ അംഗീകാരമായി കണ്ടാല്‍ മതി. അപ്പോള്‍ അങ്ങനെ വിളിക്കുന്നവരോട് രോഷത്തിന് പകരം സഹതാപം തോന്നും. ഈ പാവപ്പെട്ട ഞാനും തീവ്രവാദി വിളി കേട്ടിട്ടുണ്ട്. അതിന് കാരണമായ സംഭവം ഇതാ ഇങ്ങനെയാണ്.
ന്യൂഡല്‍ഹിയിലെ കേരള ഹൗസിലുള്ള ഇന്‍ഫര്‍മേഷന്‍
ഓഫീസില്‍ ഞാന്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലിയില്‍ പ്രവേശിക്കുന്നത് 2006 ഒക്ടോബര്‍ 6 നാണ്. 2003 മാര്‍ച്ച് 20നാണല്ലോ യു.എസ് സേനയുടെ ഇറാഖ് അധിനിവേശം തുടങ്ങുന്നത്. ഏപ്രില്‍ 9ന് തലസ്ഥാനമായ ബാഗ്ദാദ് അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലാവുന്നു. ഡിസംബര്‍ 13ന് പ്രസിഡണ്ട് സദ്ദാം ഹുസൈനെ പിടികൂടുന്നു. തുടര്‍ന്ന് വിചാരണ ചെയ്യുന്നു. 2006 ഡിസംബര്‍ 30 ന് സദ്ദാമിനെ തൂക്കിക്കൊല്ലുന്നു. ലോക രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ളവരുടെയെല്ലാം ശ്രദ്ധ ഇറാഖിലേക്ക് തിരിഞ്ഞ പ്രക്ഷുബ്ധമായ ദിനങ്ങള്‍.
ഞാന്‍ അന്നുമിന്നും ലോക രാഷ്ട്രീയം നിരീക്ഷിക്കുന്നയാളാണ്. ചന്ദ്രികയിലിരിക്കുമ്പോള്‍ പല ദിവസങ്ങളിലും എനിക്ക് അന്താരാഷ്ട്രം പേജിന്റെ ചുമതലയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മാരക നശീകരണ ആയുധങ്ങള്‍ കൈവശം വെച്ചുവെന്നാരോപിച്ച് ഇറാഖില്‍ കടന്നു കയറി ലക്ഷങ്ങളുടെ മരണത്തിന് കാരണമാക്കി അവിടത്തെ ഭരണാധികാരിയെ തൂക്കിലേറ്റിയ വാര്‍ത്തയെക്കുറിച്ചുള്ള ആകാംക്ഷ സ്വാഭാവികം.
അക്കാലത്ത് കേരള ഹൗസില്‍ താമസിക്കുന്നവര്‍ക്കും മറ്റുമായി ഒരു പ്രിന്റര്‍ അറ്റാച്ച്ഡ് കമ്പ്യൂട്ടര്‍ സിസ്റ്റമുണ്ട്. സദ്ദാമിനെ തൂക്കിക്കൊന്ന വാര്‍ത്ത ലോകത്തിലെ ഇംഗ്ലീഷ് പത്രങ്ങള്‍ എങ്ങിനെ ഏതെല്ലാം വ്യൂ പോയിന്റില്‍ ഒന്നാം പേജില്‍ പ്ലേസ് ചെയ്തു എന്നറിയാന്‍ എനിക്കൊരു ആകാംക്ഷയുണ്ടായി. വൈകിട്ട് ആറര മണിയോടടുത്ത് കാണും. സിസ്റ്റത്തില്‍ പ്രധാനപ്പെട്ട ചില പത്രങ്ങളൊക്കെ കണ്ടെത്തി പ്രിന്റ് കൊടുത്തെങ്കിലും എന്റെ പരിമിത കമ്പ്യൂട്ടര്‍ജ്ഞാനം കൊണ്ടോ മറ്റോ പ്രിന്റ് വന്നില്ല. വീണ്ടും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്കും ഒരാള്‍ പിറകില്‍ സിസ്റ്റത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. അതിനാല്‍ പേജ് ക്ലോസ് ചെയ്ത് ഞാന്‍ സിസ്റ്റം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു.
21ാം നൂറ്റാണ്ട് പിറന്നപ്പോള്‍ ഇതുപോലൊരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അന്ന് മനോരമ ഇയര്‍ ബുക്കില്‍ ഡല്‍ഹിയിലുള്ള വിദേശ എംബസികളുടെ പോസ്റ്റല്‍ വിലാസം പ്രസിദ്ധീകരിക്കും. അതില്‍ പ്രധാനപ്പെട്ട പല രാജ്യങ്ങളുടെ എംബസികള്‍ക്കും ഞാന്‍ കത്തെഴുതി. 2000 ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച ആ രാജ്യങ്ങളിലെ പത്രങ്ങള്‍ അയച്ചു തരാനാവശ്യപ്പെട്ടായിരുന്നു കത്ത്. കുറച്ച് എംബസികളൊക്കെ പത്രം അയച്ചു തന്നു. ചിലതൊക്കെ എങ്ങോ പോയി. ചിലതൊക്കെ ഇപ്പോഴും കൈവശമുണ്ട്.
നമുക്ക് തീവ്രവാദിയിലേക്ക് തന്നെ വരാം. അക്കാലത്ത് എന്റെ ഓഫീസര്‍ താമസിക്കുന്നത് ജന്തര്‍ മന്ദര്‍ റോഡിലെ കേരള ഹൗസ് കോമ്പൗണ്ടിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ്. ഞാന്‍ കുറച്ചകലെയുള്ള ട്രാവന്‍കൂര്‍ ഹൗസ് കോമ്പൗണ്ടിലെ ക്വാര്‍ട്ടേഴ്‌സിലും. ഓഫീസര്‍ ചില ദിവസങ്ങളില്‍ രാത്രി സമയത്തും ഓഫീസിലിരുന്ന് ജോലി ചെയ്യും. ഓഫീസ് സമയം കഴിഞ്ഞ് അവസാനം പോകുന്നവര്‍ ആരാണോ അവര്‍ ലോക്ക് ചെയ്ത് കീ കേരള ഹൗസ് റിസപ്ഷനില്‍ ഏല്‍പ്പിക്കാറാണ് പതിവ്.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ഓഫീസര്‍ വിളിക്കുന്നു. ക്ഷുഭിതനാണ് , പൊട്ടിത്തെറിക്കുന്നു. ‘ഓഫീസ് തുറന്നിട്ടാണോ പോകുന്നത്. ഇത് ചന്തയാക്കാന്‍ സമ്മതിക്കില്ല. അല്ലെങ്കില്‍ തന്നെ നിങ്ങളൊരു തീവ്രവാദിയാണെന്നാണ് ഇവിടെ സംസാരം. ഞാനാണ് ഉത്തരം പറയേണ്ടത്.’
ഓഫീസര്‍ അപൂര്‍വമായേ ചൂടാകൂ. പക്ഷേ ഇതിപ്പോള്‍ പതിവിലും അപ്പുറമാണ്. മാത്രമല്ല കൂടെ തീവ്രവാദിച്ചാപ്പയും. ചെയ്യാത്ത കുറ്റം അതെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും എന്റെ കണ്‍ട്രോള്‍ പോവും. ഞാന്‍ പറഞ്ഞു. ‘ തീവ്രവാദിയാണെങ്കില്‍ അത് മനസ്സിലിട്ട് തേഡ് റേറ്റ് വര്‍ത്താനം പറയുകയല്ല വേണ്ടത്. പൊലീസില്‍ അറിയിക്കണം’ പിന്നെ മറ്റൊരു വാക്കു കൂടി പറഞ്ഞു. ഫോണ്‍ കട്ടാവുകയും ചെയ്തു.
വിഷയമെന്തെന്ന് അന്ന് രാത്രി മുതല്‍ ഞാന്‍ അന്വേഷണം തുടങ്ങി. അപ്പോഴാണറിയുന്നത് ഞാന്‍ ചെയ്ത തീവ്രവാദപവര്‍ത്തനം കേരള ഹൗസില്‍ ഞാനൊഴികെ മറ്റ് പല ജീവനക്കാര്‍ക്കും അറിയാമെന്നത്. തീവ്രവാദപ്പട്ടത്തിന് പിന്നില്‍ മറ്റാരുമായിരുന്നില്ല. തൂക്കിലേറ്റപ്പെട്ട സദ്ദാം ഹുസൈന്‍ തന്നെ.
കാര്യം ഇതാണ്. എന്റെ പിന്നാലെ വന്നയാള്‍ പ്രിന്റ് കൊടുത്തപ്പോള്‍ ആദ്യം വന്നത് സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്ന പടങ്ങളുള്ള കുറേ വിദേശ പത്രങ്ങളുടെ ഒന്നാം പേജുകളാണ്. അയാള്‍ ഞെട്ടിയിരിക്കണം. മറ്റുള്ളവരെ വിളിച്ചു കൂട്ടിയിരിക്കണം. അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരിക്കണം. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത് മാത്രം സെര്‍ച്ച് ചെയ്തയാള്‍ കൊടും തീവ്രവാദിയായിരിക്കണം. പക്ഷേ എന്നോട് ഒരു സംശയമെങ്കിലും ചോദിക്കേണ്ടേ? ഒരുപക്ഷേ പേടിച്ചിട്ടായിരിക്കണം. ഏതായാലും കൊടുമ്പിരിക്കൊണ്ട ആ ചര്‍ച്ചയാണ് ഓഫീസറിലൂടെ പൊട്ടിത്തെറിച്ചത്.
അതിനിടെ എന്നെക്കുറിച്ച് പല അന്വേഷണങ്ങളും നടന്നിരുന്നുവെന്ന് പിന്നീടെനിക്ക് മനസ്സിലായി. ഇത്തരമൊരാളെ എന്തിന് ഡല്‍ഹിയിലേക്കയച്ചുവെന്ന് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ചോദ്യങ്ങള്‍ പാഞ്ഞു. ആ അന്വേഷണം കോഴിക്കോട്ടും എത്തിയിരുന്നുവെന്ന് ഞാനറിയുന്നത് നീണ്ട 17 വര്‍ഷത്തിന് ശേഷം 2024 ജൂണ്‍ 8 നാണ്. പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന റഹ്മാന്‍ സാറിന്റെ പിതാവ് മരണപ്പെട്ട വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ടി.വേലായുധന്‍ സാറാണ് ആ വിവരം പറയുന്നത്. സാര്‍ അന്ന് എന്നെക്കുറിച്ച് എന്‍.ഒ. സി കൊടുത്തുവെന്നും പറയുകയുണ്ടായി. പുത്തൂര്‍മഠം ചന്ദ്രന്‍ സാറും പി. കുഞ്ഞബ്ദല്ല സാറും അന്ന് ആ യാത്രയിലുണ്ടായിരുന്നു.
ഇവിടെ ഒരു കൂട്ടിച്ചേര്‍ക്കല്‍കൂടി ആവശ്യമാണ്. തൂക്കിലേറ്റിയ സദ്ദാം ഹുസൈന്‍ കേരള ഹൗസിലെ പ്രിന്ററിലൂടെ പുനര്‍ജനിച്ച ശേഷം നേരെ പോയത് കേരളത്തിലേക്കായിരുന്നു. കേരളത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ശേഷമാണ് സദ്ദാം പരലോകത്തേക്ക് തിരിച്ചു പോയത്. യു.എസ് സാമ്രാജ്യത്തത്തിന്റെ ഇരയായ ഒരേ വ്യക്തിയാല്‍ തന്നെ ഒരാള്‍ ഡല്‍ഹിയില്‍ തീവ്രവാദിയാവുന്നതും മറ്റനേകം പേര്‍ കേരളത്തില്‍ വിജയക്കൊടി പാറിക്കുന്നതും എത്ര മധുരമനോജ്ഞമായ കാഴ്ച്ചയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.