തൃശൂര്‍: ഓണം ഓര്‍മകളുടെ സമാഹാരം ‘ശ്രാവണ സുഗന്ധം’ പ്രകാശനം ചെയ്തു. തൃശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ കവിയും അക്കാദമി മുന്‍ അധ്യക്ഷനുമായ ഡോ. സി. രാവുണ്ണി ചലച്ചിത്ര നടി ഗ്രീഷ്മ രാമചന്ദ്രന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. ബിനാജ് ഭാര്‍ഗവി അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില സമീര്‍ എഡിറ്റ് ചെയ്ത 35 ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ശ്രാവണ സുഗന്ധം. ‘അമേയ’, ‘നീയും നിലാവും’ എന്നീ കവിതാ സമാഹാരങ്ങള്‍, ‘വൈദേഴ്‌സ് മനസില്‍’ അനുഭവ കഥകള്‍ എന്നിവയാണ് നിഖില സമീറിന്റെ മറ്റു രചനകള്‍.
യുവ കവി വിഷ്ണു പകല്‍ക്കുറിയുടെ ‘നവതൂലിക കലാ സാഹിത്യവേദി’ പ്രസിദ്ധീകരിച്ച സമാഹാരത്തില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളുമായ മലയാളികളുടെ ഓണാഘോഷങ്ങളാണ് അടയാളപ്പെടുത്തുന്നത്. സൗദി അറേബ്യയില്‍ പ്രവാസികളായ റുക്‌സാന ഇര്‍ഷാദ്, ഷഹനാസ് സഹില്‍, ഡോ. ഷിംന, കുഞ്ചീസ് കൂട്ടിക്കല്‍ എന്നിവരുടെ ഓര്‍മ്മകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നവതൂലികാ കലാസാഹിത്യ വേദിയുടെ ഒമ്പതാമത് സാഹിത്യ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ പരിപാടിയില്‍ ‘ശ്രാവണ സുഗന്ധം’ ഉള്‍പ്പെടെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. എഴുത്തുകാരായ രമ്യ മഠത്തില്‍ തൊടി, ഉണ്ണികൃഷ്ണന്‍ ബാലരാമപുരം എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത ‘പ്രേമനഗരത്തിലെ വിപ്ലവകാറ്റ്’, സജിനി മനോജ് എഡിറ്റ് ചെയ്ത ‘കഥയോരം 2024’ എന്നിവയുടെ പ്രകാശനവും നടന്നു.
എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷഹനാസ് സഹില്‍ പുസ്തക പരിചയം നടത്തി. ദീപുരാജ് സോമനാഥന്‍, പ്രസാദ് കുറ്റിക്കോട്, എച്ച്.അന്‍വര്‍ ഹുസൈന്‍, റുക്‌സാന ഇര്‍ഷാദ്, ഫസീല നൂറുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജികുമാര്‍ നാരായണന്‍, എളവൂര്‍ വിജയന്‍, രാജേശ്വരി മേനോന്‍, സി മുരളീധരന്‍, വിഷ്ണു പകല്‍ക്കുറി, സജിനി മനോജ്, രേവതി സുരേഷ്, രാജു പുതനൂര്‍, അനൂപ് കടമ്പാട്ട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നിലാവ്(ഖമര്‍) അവതാരകയായിരുന്നു. രേവതി സുരേഷ് സ്വാഗതവും രാജു പൂതനൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.