റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പുതുതായി തെരഞ്ഞെടുത്ത സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ ഭരണ സാരഥ്യം ഏറ്റെടുത്തു. സ്‌കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് സെറ്റിയയുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. കമ്മറ്റി അംഗങ്ങളായ പ്രഷിന്‍ അലി, ഷഹസീന്‍ എറാം, ഡോ. സുമയ്യ, സയ്യിദ് സഫര്‍ അലി എന്നിവര്‍ നേരിട്ടും ഷഹനാസ് അബ്ദുള്‍ ജലീലും ഡോ. സാജിദ ഹുസ്‌ന എന്നിവര്‍ ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈനായും പങ്കെടുത്തു.
സ്‌കൂള്‍ സംരക്ഷണവും വിദ്യാര്‍ത്ഥികളുടെ ക്ഷേമവും കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ദിനേശ് സെറ്റിയ എടുത്തുപറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണായി നിയമിതനായതില്‍ അഭിമാനമുണ്ടെന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുള്‍ ജലീല്‍ പറഞ്ഞു. സ്‌കൂളിന്റെ വളര്‍ച്ചയും വിജയവുമാണ് ലക്ഷ്യം. അതു കൈവരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ഏറ്റവും മികച്ച വിദ്യാഭ്യാസത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിധം സഹപ്രവര്‍ത്തകരോടപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി വിഷന്‍ 2030 അനുസരിച്ച് ഭൂരിപക്ഷം സ്ത്രീ പ്രാതിനിധ്യമാണ് മാനേജിംഗ് കമ്മറ്റിയെ ശ്രദ്ധേയമാക്കുന്നത്. ഇതൊരു സുപ്രധാന അവസരമാണെന്നും സമിതിയുടെ കൂട്ടുത്തരവാദിത്തം, അര്‍പ്പണബോധം, നിസ്വാര്‍ത്ഥത എന്നിവ സ്‌കൂളിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും സ്‌കൂളിലെ പ്രഥമ വനിതാ പ്രിന്‍സിപ്പല്‍ കൂടിയായ മീരാ റഹ്മാന്‍ പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ പ്രോത്സാഹനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മാനേജിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ, വിദ്യാഭ്യാസ മികവിനും ക്ഷേമത്തിനും വികസനത്തിനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക ഷാസീന്‍ ഇറാന്‍ പറഞ്ഞു. സയ്യിദ് സഫര്‍ അലി, സാജിദ ഹുസ്‌ന, സുമയ്യ സുഹൈല്‍, പ്രഷിന്‍ അലി എന്നിവരും സ്‌കൂളിന്റെ ഭാവി പരിപാടികളിലുളള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ നിരീക്ഷകന്‍ കൂടിയായ ദിനേശ് സെറ്റി, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരെ പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വാീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.