Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

വാപ്പിച്ചി പകര്‍ന്ന ചക്കരപ്പാല്‍ മധുരം

നിഖില സമീര്‍

വാപ്പിച്ചി എന്ന് അരുമയോടെ വിളിച്ചിരുന്നത് ഉപ്പയുടെ ഉപ്പയെ ആയിരുന്നു.
വാത്സല്യം നിര്‍ലോഭം ചൊരിഞ്ഞനുഭവിപ്പിച്ച സ്‌നേഹസ്വരൂപന്‍.

രാഷ്ട്രീയം ആത്മീയത മാനവികത, ഇവയിലൊക്കെ സ്വന്തമായ നിലപാടില്‍ ഉറച്ചു നില്‍ക്കുബോഴും കരുണയുടെയും ചേര്‍ത്ത് നിര്‍ത്തലിന്റേയും ചൂര് സര്‍വര്‍ക്കും ഒരേപോല്‍ പകര്‍ന്നേകിയ മനുഷ്യസ്‌നേഹി.

സ്വന്തമായുള്ളൊരു ഹെര്‍ക്കുലീസ് സൈക്കിളിന്റെ പുറകില്‍ വെച്ചുകെട്ടിയ മരുന്ന് പെട്ടിയുമായി നാടന്‍ ഊടുവഴികളൊക്കെ താണ്ടി തന്നെ കാത്തിരിക്കുന്ന രോഗികളേയും അശരണരേയും തേടി ചെല്ലുന്ന സാത്വികനായ ‘അബ്ദുല്‍ റസാഖ് വൈദ്യര്‍.’

ചുമപ്പ് രാഷ്ട്രീയ പ്രതലത്തില്‍ നിന്ന് നാട്ടുകാരുടെ സ്‌നേഹവാത്സല്യത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്ന സ്ഥാനത്തിരുന്നു ജനകീയനും സഹജീവി പ്രിയനുമായി നിറഞ്ഞു നിന്ന പ്രിയപ്പെട്ട വാപ്പിച്ചി.

CITY FLOWER

വാപ്പിച്ചിയുടെ സേവന മനോഭാവം കാരണം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം വാങ്ങുക എന്നൊരു കാര്യമേ ഉണ്ടായിരുന്നില്ല. ആരെങ്കിലും ചികിത്സയുടെ കൈപുണ്യത്തില്‍ നിര്‍ബന്ധപൂര്‍വ്വം കീറിപ്പറിഞ്ഞു മുഷിഞ്ഞ നോട്ടോ തുട്ടുകളോ വെള്ള ഖദറുടുപ്പിന്റെ പോക്കറ്റിലേക്ക് നിര്‍ബന്ധപൂര്‍വ്വം ഇട്ടുകൊടുക്കും.

നാഥന്‍ പ്രവാസിയായ വീട്ടില്‍ ഒറ്റപ്പെട്ട ഞങ്ങള്‍ക്ക് തുണയും തണലും വാപ്പിച്ചിയായിരുന്നു.
നാട്ടു കറക്കവും ചികിത്സയും കഴിഞ്ഞു രാത്രി ഒന്‍പതു മണിയോടെ വാപ്പിച്ചി വീടണയും.
സൈക്കിള്‍ ബെല്‍ കാത്തിരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ ബെല്ലില്ലെങ്കില്‍ തന്നെ കാല്‍പ്പെരുമാറ്റം കേട്ട് ഗേറ്റ് വക്കത്തേക്ക് മത്സരിച്ചു ഓടി അണഞ്ഞാണ് ഓരോ ദിവസവും വാപ്പിച്ചിയെ സ്വീകരിക്കുക.

വാപ്പിച്ചി പറഞ്ഞ് കേള്‍ക്കാന്‍ കൊതിക്കുന്ന നട്ടുവര്‍ത്തമാനങ്ങളേക്കാള്‍ മരുന്ന് പെട്ടിക്കു മുകളിലെ പലഹാരപ്പൊതിയാകും മത്സര ഓട്ടത്തിന്റെ മുഖ്യ കാരണം. എന്നത്തേയും പോലെ എന്നേക്കാള്‍ മുന്നേ ഗേറ്റിലെത്തുന്ന ആങ്ങള പൊതിയും കൈവശപ്പെടുത്തി ഓടിയിട്ടുണ്ടാകും. കുഞ്ഞു മുഖം വാടും മുന്‍പേ വാപ്പിച്ചി ചേര്‍ത്ത് പിടിചു കുലുങ്ങി ചിരിച്ചു കൊണ്ട് ഖാദി മുണ്ടിന്റെ കോന്തല അഴിച്ചു അതില്‍ സ്‌പെഷ്യല്‍ സമ്മാനം തരും. അവയിലേറെയും പ്രതാപന്‍ മൂട് ജംഗ്ഷനിലെ ആയിഷാത്തന്റെ ചായക്കടയിലെ സ്‌പെഷ്യല്‍ അല്‍ബൂരിയോ പ്രിയപ്പെട്ട മറ്റു പലഹാരങ്ങളോ ആകും. ഏറെ പൊക്കമുള്ള വാപ്പച്ചി കുനിഞിരുന്നു ചിരിക്കുമ്പോള്‍ കഴുത്തിലൂടെ കൈചുറ്റി പിടിച്ചു മുറുക്കെയുള്ളോരു മുത്തമാകും മറുസമ്മാനം.

വാപ്പച്ചിയുടെ സ്വഭാവം പോലെ തന്നെയായിരുന്നു ഭക്ഷണ ക്രമങ്ങളും. സാത്വികമായ ഭക്ഷണ രീതി. അതിലേറെ കൗതുകം തോന്നിയിട്ടുള്ള ഒന്നാണ് റമളാന്‍ മാസക്കാലങ്ങളില്‍ സുബ്ഹി ബാങ്കിന് മുന്‍പുള്ള വാപ്പിച്ചിയുടെ അത്താഴത്തിന്റെ പ്രത്യേകത. അത്താഴത്തിനു തേങ്ങാപ്പാലില്‍ ഏലക്കായും ഞാലിപ്പൂവന്‍ പഴവും ഞെരടി ചേര്‍ത്ത ചക്കരപ്പാലിന്റെ രുചി മധുരം. നോമ്പ് തീരുവോളം പഥ്യം ഈ സ്‌പെഷ്യല്‍ ഐറ്റം തന്നെയാകും. എന്നും രാത്രി കിടക്കും മുന്‍പ് ഉമ്മിച്ച കൈകൊണ്ടു ഞെരടിയുണ്ടാക്കുന്ന ചക്കര പാല്‍ മധുരം വേറെ ഒരിടത്തു നിന്നും അത്ര രുചിയോടെ കിട്ടിയിട്ടില്ല. സഫിയാടെ കൈപുണ്യമാണ് മടുപ്പിക്കാത്തതെന്നൊരു മധുരവാക്കോടെയാണ് വാപ്പച്ചി ചക്കരപ്പാല്‍ നുകരുക. അതുകേള്‍ക്കുമ്പോഴൊക്കെ ഉമ്മിച്ചാടെ മുഖം സ്‌നേഹത്താല്‍ ചോക്കുന്നതു എത്രയോ തവണ കണ്ടു രസിച്ചിരുന്നു.

ചക്കരപ്പാല്‍ വെറുതെ കുറച്ചു പാലില്‍ പഴം ഞെരടിയാല്‍ അത്ര ഖുശിയിലാകില്ല. തേങ്ങാപാല്‍ അടിച്ചെടുക്കുമ്പോള്‍ ഒന്നാം പാല്‍, രണ്ടാം പാല്‍, തലപ്പാല്‍ എന്നിങ്ങനെ വേര്‍തിരിച്ചു എടുത്തു വെക്കും. പിന്നീട് രണ്ടാം പാലിലേക്കു പഴുത്തു പാകമായ ഓരോരോ ഞാലിപ്പൂവന്‍ പഴങ്ങള്‍ കൈകൊണ്ടു ഞെരടി ചേര്‍ക്കും. അതിലേക്കു ശര്‍ക്കര പാനിയോ, ശര്‍ക്കര ചീകി അരിച്ചെടുത്തതും ഏലക്കായ പൊടിച്ചതും ചേര്‍ക്കും. ശേഷം ഒന്നാം പാല്‍ ഒഴിച്ച് മാറ്റിവെക്കും. കഴിക്കുന്നതെപ്പോഴാണോ അതിന്റെ തൊട്ടു മുന്‍പ് തലപ്പാല്‍ ചേര്‍ത്ത് കുടിക്കാന്‍ പാകത്തില്‍ പാനീയമാക്കും.

വാപ്പിച്ചിക്കെന്നും ജന്നാത്തുല്‍ ഫിര്‍ദൗസ് അത്തറും വേര്‍പ്പും ചേര്‍ന്നൊരു നനുത്ത സുഗന്ധമായിരുന്നു. പകര്‍ന്നേകുന്നവര്‍ കടന്നുപോയാലും സ്‌നേഹം പോലെ ബാക്കിയാകുന്നവയാണ് രുചിയും ഗന്ധവും. ഏറെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മ ഗന്ധത്തില്‍ പൂത്തുലയാത്ത ആരുണ്ട് നമ്മില്‍?

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top