
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) മൂന്നാമത് ‘നോട്ടെക് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ’ നവംബര്‍ 14 ന് റിയാദ് അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയിലുള്ള അറിവും വൈദഗ്ധ്യവും പങ്കുവെക്കാനുളള അവസരമാണ് എക്‌സ്‌പോ എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവ നോട്ടക്കിന്റെ ഭാഗമായി നടക്കും. അറിവും ആസ്വാദനവും നല്‍കുന്ന എക്‌സ്‌പോയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. സയന്‍സ്, ടെക്‌നോളജി പവലിയനുകള്‍, ഡിഐവൈ ലാബുകള്‍, പ്രദര്‍ശനങ്ങള്‍, മേക്കേഴ്‌സ് മാര്‍ക്കറ്റ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങള്‍ എക്‌സ്‌പോയില്‍ ഉള്‍പ്പെടും. സംരംഭങ്ങള്‍ക്ക് പുറമെ മറ്റു സ്ഥാപനങ്ങള്‍, ക്യാംപസുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കും പവലിയനുകള്‍ സജ്ജീകരിക്കാന്‍ അവസരം നല്‍കും.

കൂടാതെ വ്‌ലോഗ്, സയന്‍സ് വര്‍ക്കിംഗ് മോഡല്‍, സെമിനാര്‍, ദി ലെജന്‍ഡറി, എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ചാലഞ്ച്, ഐഡിയതോണ്‍, ലൈവ് ഇന്ററാക്ടീവ് ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങറും. മത്സരങ്ങളില്‍ 35 വയസ്സ് വരെയുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം. ഉച്ചക്ക് 2 മുതല്‍ രാത്രി10 വരെയാണ് പരിപാടി. അറിവ് പങ്കുവെക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും വിവിധ കൗണ്ടറുകള്‍, നൂതനമായ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാന്‍ ഐടോക്ക്, സംരംഭകരെയും പ്രോജക്റ്റുകളെയും പരിചയപ്പെടാനും പ്രേക്ഷകര്‍ക്ക് പ്രചോദനം നല്‍കാനും ചാറ്റ് വിത്ത് എന്റര്‍പ്രണര്‍, ജോബ് ഫെയര്‍, കരിയര്‍ കൗണ്‍സിലിംഗ് മുതലായും എക്‌സ്‌പൊയുടെ ഭാഗമാണ്.
പരിപാടിയുടെ നടത്തിപ്പിനായി ലുഖ്മാന്‍ പാഴൂര്‍ (എംഡി), ഇബ്രാഹിം കരീം (സിഇഒ) മുജീബ് റഹ്മാന്‍ കാലടി (ഫൈനാന്‍സ് ഡയറക്ടര്‍) എന്നിവരുടെ നേതൃത്വത്തില്‍ 100 അംഗ ‘നോട്ടെക് ഡ്രൈവ് ടീം’ രൂപീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0568392065 നമ്പരില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍: ഡോ. നൗഫല്‍ അഹ്‌സനി വൈറ്റില, അസ്‌കര്‍ അലി ആല്‍പറമ്പ്, ഇബ്രാഹിം കരീം, ലത്തീഫ് മാനിപുരം, അബ്ദുള്‍ കാദര്‍പള്ളിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.





