റിയാദ്: മലയാള നാടിന്റെ മഹിമകള്‍ മനസ്സില്‍ തെളിയുന്ന പൊന്നോണക്കാലം പ്രമേയമാക്കി പ്രവാസികള്‍ അണിയിച്ചൊരുക്കിയ ‘മാമല നാട്ടിലൊരു ഓണം’ സംഗീത ആല്‍ബം പ്രകാശനം ചെയ്തു. പ്രജകളെ കാണാന്‍ പ്രവാസനാട്ടിലും മാവേലി എത്തുമോ എന്ന ജിജ്ഞാസ പങ്കുവെച്ചാണ് ആല്‍ബം ആരംഭിക്കുന്നത്. പ്രയാസ പൂക്കള്‍ പൂക്കളം തീര്‍ത്ത് പ്രതീക്ഷയുടെ പ്രഥമന്‍ നുകര്‍ന്ന് വയറും മനവും നിറക്കുമെന്നും പ്രവാസ ലോകത്തെ ഓണത്തെ വര്‍ണിക്കുന്ന വരികള്‍ ആകര്‍ഷകമാണ്.
മണലാരണ്യത്തിലെ ഓണാഘോഷവും മഹാബലിയും ചെണ്ടമേളവും തനിമ നഷ്ടപ്പെടാതെ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ നാട്ടിലെ ഗൃഹാതുര സ്മരണ ഉണര്‍ത്തുന്ന പൂക്കളം, ഉറിയടി, ഊഞ്ഞാല്‍, പുതുവസ്ത്രം കൈനീട്ടമായി സമ്മാനിക്കുന്ന സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും നിമഷങ്ങളും ആല്‍ബത്തെ കൂടുതല്‍ ഓര്‍മകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ്. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയല്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ജലീല്‍ കണ്ണമംഗലം പ്രകാശനം നിര്‍വഹിച്ചു.
വിന്റര്‍ടൈം കമ്പനിയുടെ ബാനറില്‍ റിയാദിലും കേരളത്തിലുമായി ചിത്രീകരിച്ച ആല്‍ബത്തിന്റെ സംവിധാനം കെ പി മജീദ് മാനു പതിനാറുങ്ങല്‍, കെ പി അഷ്‌റഫ് പതിനാറുങ്ങള്‍ എന്നിവരാണ്. സ്മിത അനിലിന്റെ വരികള്‍ക്ക് സംഗീത നല്‍കിയത് രാജീവ് റാം ആണ്. നജീബ് മഞ്ചേരി, പ്രിയ അച്ചു എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. മനു നിഥിന്‍ (ആര്‍ട്ട്), ലാല്‍ (എഡിറ്റിംഗ്), നൗഷാദ് കിളിമാനൂര്‍, ജലീല്‍ തിരൂരങ്ങാടി (ക്യാമറ), നാസര്‍ വണ്ടൂര്‍, ബിനൂജ് പൂക്കോട്ടുംപാടം (നിര്‍മാണ സഹായം) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
പ്രകാശന ചടങ്ങില്‍ സുധീര്‍ കുമ്മള്‍, ഇസ്മായില്‍ പയ്യോളി, നാസര്‍ ലെയ്‌സ്, ജലീല്‍ കൊച്ചിന്‍, റാഫി പാങ്ങോട്, വല്ലി ജോസ്, നൗഷാദ് കിളിമാനുര്‍, സമീര്‍, മുത്തലിബ് കാലിക്കറ്റ്, ഷാജഹാന്‍ പാണ്ട, ജോസ് ബാബു വാളപ്ര, സുധീര്‍, ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ പി മജീദ് മാനു സ്വാഗതവും ബനൂജ് പൂക്കോട്ടുംപാടം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
