
തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) പ്രതിനിധികള്‍ നിയമസഭ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. നോര്‍ക്ക റൂട്‌സ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട 25ലധികം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം പ്രതിപക്ഷ നേതാവിന് സമര്‍പ്പിച്ചു. കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പല വിഷയങ്ങളിലും അനുഭാവ പൂര്‍ണമായ സമീപനമാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്ന് പിഎല്‍സി പ്രതിനിധികള്‍ പറഞ്ഞു.

നോര്‍ക്ക റൂട്‌സിലും ക്ഷേമനിധി ബോര്‍ഡിലും കരാര്‍, താല്‍ക തസ്തികകളില്‍ നിശ്ചിത ശതമാനം അര്‍ഹരായ പ്രവാസികള്‍ക്ക് സംവരണം ചെയ്യുക, നോര്‍ക്ക റൂട്ട്‌സിലെയും ക്ഷേമനിധി ബോര്‍ഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തര്‍ക്കപരിഹാര സെല്‍ രൂപീകരിക്കുക, പബ്ലിക് പ്രൈവറ്റ് പങ്കാളിത്തത്തില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കു ജില്ലകളില്‍ കെയര്‍ ഹോമുകളും പ്രവാസി സ്‌പെഷ്യാലിറ്റി ആശുപത്രികളും സ്ഥാപിക്കുക, എന്‍ആര്‍ഐ കമ്മീഷന്‍ ചെയര്‍മാനെ ഉടനെ നിയമിക്കുക,

നോര്‍ക്ക റൂട്‌സിന്റെ സാന്ത്വന, കാരുണ്യം പദ്ധതികള്‍ക്കുളള വരുമാനപരിധി ഒന്നര ലക്ഷം രൂപയില്‍ നിന്നും 3 ലക്ഷം രൂപയായി ഉയര്‍ത്തുകയും സമയബന്ധിതമായി സഹായം ലഭിക്കുന്നതിന് പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തുകയും ചെയ്യുക, പ്രവാസി പെന്‍ഷന്‍ 3500 രൂപയില്‍നിന്നും 5000 രൂപയായി ഉയര്‍ത്തുക, മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, നോര്‍ക്ക NDPREM ലോണ്‍ 20 ലക്ഷം രൂപയില്‍ നിന്നു 50 ലക്ഷം രൂപയായി ഉയര്‍ത്തുക,

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വത്തിനുള്ള പ്രായപരിധി എടുത്തുകളയുക, പ്രവാസി ക്ഷേമനിധിയില്‍ കുടിശ്ശിക വരുത്തിയവരുടെ അംഗത്വം തത്വദീക്ഷയില്ലാതെ റദ്ദാക്കുന്ന പ്രവാസി ക്ഷേമബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങളാണ് പ്രതിപക്ഷനേതാവിന് സമര്‍പ്പിച്ചത്. ആവശ്യങ്ങള്‍ പ്രസക്തമാണെന്നും നിയമസഭയില്‍ അവതരിപ്പിക്കാമെന്നും പ്രതിപക്ഷനേതാവ് ഉറപ്പുനല്‍കി.

പ്രവാസി ലീഗല്‍ സെല്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍, ട്രഷറര്‍ തല്‍ഹത്ത് പൂവച്ചല്‍, കമ്മറ്റി അംഗങ്ങളായ ഷെരീഫ് കൊട്ടാരക്കര, ശ്രീകുമാര്‍, ജിഹാംഗിര്‍, നന്ദഗോപകുമാര്‍, നിയാസ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.