റിയാദ്: പക്ഷാഘാതം തളര്‍ത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചന്ദ്രശേഖരന് കരുതലും കാവലുമായി ഹുറൈമല ജനറല്‍ ആശുപത്രിയിലെ മലയാളി നേഴ്‌സുമാര്‍. റിയാദ് മല്‍ഹമിലെ സ്വകാര്യ കമ്പനിയില്‍ പ്രൊഡക്ഷന്‍ ഡിസൈനിംങ്ങ് സൂപ്പര്‍വൈസറായി എട്ടു മാസം മുമ്പ് ജോലിക്കെത്തിയ ചന്ദ്രശേഖരന്‍ കുഴഞ്ഞു വീഴുകയായിരുന്നു.
രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുപ്പ് കാണാതിരുന്ന സുഹൃത്തുക്കള്‍ കതകില്‍ തട്ടിയെങ്കിലും മറുപടി ഉണ്ടായില്ല. ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് പോലീസ് എത്തി കതക് തുറന്നപ്പോള്‍ ഒരു വശം തളര്‍ന്ന നിലയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ഹുറൈമല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി ദരിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 10 ദിവസത്തെ ചികിത്സക്കക്കു ശേഷം വീണ്ടും ഹുറൈമല ജനറല്‍ ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു.
വിവരമറിഞ്ഞു മകള്‍ ദുര്‍ഗ ചന്ദ്രശേഖരന്‍ നാട്ടില്‍ നിന്നു കേളി സെക്രട്ടറിയുമായി ബന്ധപെട്ടു. ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര ദരയ്യ ആശുപത്രിയിലെ വിവരങ്ങള്‍ വീട്ടുകാരെ അറിയിക്കുകയും വിഡിയോ കോളില്‍ ആശയ വിനിമയം നടത്തുകയും ചെയ്തു.
ആശുപത്രിക്കടുത്ത് ജോലിചെയ്യുന്ന മലപ്പുറം എടവണ്ണ സ്വദേശി അമീര്‍ വിവരങ്ങള്‍ അന്വേഷിക്കുകയും ഭക്ഷണം എത്തിക്കുകയും ചെയ്തു. പിന്നീട് ഒരു മാസം ഹുറൈമലയിലെ ആശുപത്രിയില്‍ ലഭിച്ച പരിചരണം ആരോഗ്യത്തില്‍ പുരോഗതി കൈവരിക്കാനായി. മലയാളി നഴ്‌സുമാരുടെ കൃത്യതമായ കരുതലും പരിചരണവും മാനസിക സംഘര്‍ഷം കുറച്ചു. ഭക്ഷണം കൃത്യ സമയത്ത് നല്‍കാന്‍ അവര്‍ സഹായിച്ചു. ഭാര്യ, മകള്‍ എന്നിവരുമായി നിരന്തരം ബന്ധപെടുന്നതിനു സൗകര്യങ്ങളും ചെയ്തുകൊടുത്തു. മരുന്നിനേക്കാള്‍ ഉപരി ലഭിച്ച പരിചരണമാണ് അസുഖം വേഗത്തില്‍ ഭേദമാകാന്‍ കാരണമെന്നു ചന്ദ്രശേഖര്‍ പറഞ്ഞു.
യാത്രചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തതോടെ തുടര്‍ ചികിത്സക്കായി ചന്ദ്രശേഖരനെ നാട്ടിലെത്തിച്ചു. യാത്ര ചെയ്യാനുള്ള വീല്‍ചെയര്‍ രേഖകളും കൂടെ അനുഗമിക്കാനുള്ള യാത്രക്കാരെയും കേളി ഏര്‍പ്പെടുത്തി. നസീര്‍ മുള്ളൂര്‍ക്കര യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയരുന്നു. കോട്ടയം സ്വദേശി നിതിന്‍ റിയാദില്‍ നിന്നു കൊച്ചി വിമാനത്താവളം വരെ അനുഗമിച്ച് കൊച്ചിയിലെത്തിയ ബന്ധുക്കളെ ഏല്‍പ്പിച്ചു. കൊല്ലം എന്‍എസ് ആശുപത്രിയില്‍ തുടര്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.